കണ്ണൂർ: കനത്ത മഴയെ തുടർന്ന് ജില്ലയിൽ മലയോര കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കോവിഡ് വ്യാപനവും, വിലയിടിവും മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കർഷകർക്ക് നിലവിൽ മഴയും വില്ലനായി മാറിയിരിക്കുകയാണ്. പ്രധാനമായും കാർഷിക മേഖലയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളാണ് ദുരിതത്തിലായത്.
ജില്ലയിലെ മലയോര കർഷകർക്കിടയിൽ റബ്ബർ, തെങ്ങ്, കവുങ്ങ് കർഷകരാണ് മഴയെ തുടർന്ന് ഏറെ പ്രതിസന്ധി നേരിടുന്നത്. റബ്ബർ ടാപ്പിങ് മഴയെ തുടർന്ന് നിലച്ചിട്ട് നാളുകളായി. കൂടാതെ അടയ്‌ക്ക, തേങ്ങ എന്നിവ വിളവെടുത്താൽ മഴയായതിനെ തുടർന്ന് ഉണക്കാൻ സാധിക്കാത്ത അവസ്‌ഥയാണ്. ഈ സാഹചര്യത്തിൽ കാർഷിക വിളകളിൽ നിന്നും വരുമാനം കർഷകർക്ക് പൂർണമായും നിലച്ചിരിക്കുകയാണ്.
ഇതിന് പുറമേ നിലവിൽ ബാങ്ക് ലോണുകൾ തിരിച്ചടക്കണമെന്ന ആവശ്യവുമായി അധികൃതർ കർഷകരെ സമീപിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. കാർഷിക വിളകളുടെ വിലക്കുറവും വർധിച്ചു വരുന്ന കൃഷി ചിലവും കർഷകരെ കാർഷികരംഗത്ത് നിന്നും പിന്തിരിപ്പിക്കുകയാണ്.
Read also: ബാണാസുര ഡാമിലെ സ്‌പീഡ് ബോട്ടുകൾ തകരാറിൽ; ലക്ഷങ്ങളുടെ വരുമാന നഷ്‌ടം