‘ആകാശ സീമ കടന്ന ആദ്യ ഇന്ത്യൻ വനിത’; കൽപന ചൗളയുടെ ഓർമകൾക്ക് ഇന്ന് 20 വയസ്

2003 ഫെബ്രുവരി ഒന്നിന് കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിലാണ് കൽപന മരണമടഞ്ഞത്. ബഹിരാകാശ പര്യവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന കൽപനയടക്കം ഏഴ് ബഹിരാകാശ യാത്രികർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്‌ടമായത്.

By Trainee Reporter, Malabar News
Kalpana Chawla
Ajwa Travels

ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യൻ വംശകയായ കൽപന ചൗള ഓർമയായിട്ട് ഇന്നേക്ക് 20 വയസ്. 2003 ഫെബ്രുവരി ഒന്നിന് കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിലാണ് കൽപന മരണമടഞ്ഞത്. ബഹിരാകാശ പര്യവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന കൽപനയടക്കം ഏഴ് ബഹിരാകാശ യാത്രികർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്‌ടമായത്.

2003 ഫെബ്രുവരി ഒന്ന്, രാവിലെ ഒമ്പത് മണിയോടെ നടുക്കുന്ന വാർത്തയെത്തി. എസ്‌ടിഎസ് 107 കൊളംബിയ തകർന്നു വീണു. കൽപനയടക്കം ഏഴ് ബഹിരാകാശ യാത്രികർ കൊല്ലപ്പെട്ടു. ദൗത്യത്തിന് ശേഷം ഭൂമിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ലോകം നടുങ്ങിയ ആ പൊട്ടിത്തെറി. 17 ദിവസം നീണ്ടുനിന്ന യാത്രക്ക് ശേഷം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ്‌ സെന്ററിൽ തിരിച്ചിറങ്ങാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ് ദുരന്തമെത്തിയത്.

വാഹനത്തിന്റെ ഇന്ധന ടാങ്കിനെ പൊതിഞ്ഞ പാളിയിൽ നിന്ന് ഒരു ചെറിയ കഷ്‌ണം അടർന്നു തെറിച്ചു ഇടത്തെ ചിറകിൽ വന്നടിച്ചതാണ് ദുരന്തത്തിന് കാരണമായത്. ചരിത്രം കുറിച്ച ബഹിരാകാശ യാത്രയുടെ അവസാനവും ഇതായിരുന്നു. കൽപന ഉൾപ്പടെ, റിക് ഹസ്ബന്റ്, വില്യം മക്‌കൂൽ, മൈക്കൽ ആന്റേർസൺ, ഡേവിഡ് ബ്രൗൺ, ലോറൽ ക്ളാർക്ക്, ഇലൻ രമോൻ എന്നിവർക്കാണ് ജീവൻ നഷ്‌ടമായത്‌.

ആകാശ സീമ കടന്ന ആദ്യ ഇന്ത്യൻ വനിതയോടുള്ള വീരാരാധന, ഇന്ത്യൻ ജനത കൽപനയെ എന്നും ഓർക്കാൻ ഈ ഒരു കാരണം മാത്രം മതി. ഹരിയാനയുടെ മകൾ ബഹിരാകാശം കീഴടക്കിയ കഥ ഒരു തലമുറയുടെ സ്വപ്‌നങ്ങൾക്കാണ് നിറം പകർന്നത്. ആകാശ കൗതുകങ്ങളോടുള്ള അടങ്ങാത്ത ആവേശമാണ് മറ്റാരും തിരഞ്ഞെടുക്കാത്ത വഴിയിലൂടെ സഞ്ചരിക്കാൻ കൽപനയെ പ്രേരിപ്പിച്ചത്. ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപ്പന ചൗള പഞ്ചാബ് എൻജിനിയറിങ് കോളേജിൽ നിന്നാണ് ആൺകുട്ടികളുടെ മാത്രം കുത്തകയായിരുന്ന എയറോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയത്.

തുടർന്ന്, എൺപതുകളിൽ കൽപന അമേരിക്കൻ പൗരത്വം നേടി. 1988ൽ കൊളറാഡോ സർവകലാശാലയിൽ നിന്ന് എയ്‌റോസ്‌പേസ്‌ എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടി. 1994ൽ ആണ് ബഹിരാകാശ യാത്രയ്‌ക്കുള്ള പരിശീലനം ലഭിച്ചത്. തുടർന്ന് വിമാനം പറത്താൻ പഠിച്ചു. നാസയിൽ ജോലി നേടി. ബഹിരാകാശ യാത്രികയായി. പുതിയ കാലത്ത് വലിയൊരു വിഭാഗത്തിന് പോലും സ്വപ്‌നം കാണാൻ സാധിക്കാത്ത കാര്യങ്ങളാണ് 80-90 കാലഘട്ടങ്ങളിൽ കൽപന യഥാർഥ്യമാക്കിയത്.

1997 നവംബറിൽ തന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിലെ ഒരു ഉപഗ്രഹ വിക്ഷേപണവുമായി ബന്ധപ്പെട്ട് പഴി കേട്ടെങ്കിലും, പ്രശ്‌നം കൽപനയുടേത് ആയിരുന്നില്ലെന്ന് നാസ അന്വേഷണത്തിൽ കണ്ടെത്തി. പിന്നെ ഒരു വട്ടം കൂടി മാത്രമേ കൽപന ബഹിരാകാശ യാത്ര നടത്തിയിട്ടുള്ളൂ. ആ യാത്രയാണ് കൽപനയുടെ ജീവനെടുത്തതും. ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്‌മയെ പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം. ഈ പഠനമാണ് ദുരന്തത്തിൽ കലാശിച്ചത്.

കൊളംബിയ ദുരന്തത്തിന് ശേഷം ഒട്ടേറെ മരണാനന്തര ബഹുമതികൾ കൽപനയെ തേടിയെത്തി. കൽപന ചൗളയോടുള്ള ആദരസൂചകമായി ഒരു ബഹിരാകാശ വാഹനത്തിന് നാസ അവരുടെ പേര് നൽകി. ഒരിക്കൽ ചന്ദ്രനിൽ കാലുകുത്തണമെന്ന് കൽപന സ്വപ്‌നം കണ്ടിരുന്നു. എന്നാൽ, 40ആം വയസിൽ ആ ആകാശസ്വപ്‌നം പൊലിഞ്ഞു. എന്നാൽ, കൽപനയുടെ കഥകൾ ഇന്നും അവർത്തിക്കപ്പെടുകയാണ്. ആ ഊർജവും ശക്‌തിയും ധൈര്യവും അണയാതെ തന്നെ.

Most Read: ജഡ്‌ജിമാരുടെ പേരിൽ കോഴ; സൈബി ജോസിനെതിരെ ഇന്ന് കേസെടുത്തേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE