മായമില്ലാതെ രുചി ഉറപ്പാക്കും; എല്ലാ ജില്ലകളിലും ഭക്ഷ്യപരിശോധനാ ലാബുകൾ സജ്‌ജം

By News Desk, Malabar News
Laboratory assistant at the workplace makes notes in a notebook. Laboratory procedure for food safety, analysis of food products from the market.
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുതായി 6 സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികൾ കൂടി സജ്‌ജം. ഇവയുടെ പ്രവര്‍ത്തനോൽഘാടനവും ഫ്‌ളാഗ്‌ ഓഫും ഏപ്രില്‍ 12 ചൊവ്വാഴ്‌ച ഉച്ചക്ക് 2 മണിക്ക് തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവന്‍ അങ്കണത്തില്‍ വെച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യാതിഥിയാകും.

സംസ്‌ഥാന സര്‍ക്കാരിന്റേയും എഫ്‌എസ്‌എസ്‌എഐയുടേയും സഹകരണത്തോടെയാണ് ഈ ലബോറട്ടറികള്‍ സജ്‌ജമാക്കിയത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ക്കാണ് പുതുതായി മൊബൈല്‍ ലബോറട്ടികള്‍ അനുവദിച്ചിട്ടുള്ളത്. ഈ ഭക്ഷ്യ പരിശോധനാ ലബോറട്ടികള്‍ കൂടി സജ്‌ജമായതോടെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്‌ഥാനമായി കേരളം മാറി.

പരിശോധന, അവബോധം, പരിശീലനം എന്നിവയാണ് മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൊതുജനങ്ങള്‍ കൂടുതല്‍ ഒത്തുചേരുന്ന പൊതു മാര്‍ക്കറ്റുകള്‍, റസിഡന്‍ഷല്‍ ഏരിയകള്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ മൊബൈല്‍ ലാബ് എത്തുന്ന സമയം മുന്‍കൂട്ടി അറിയിക്കുന്നതാണ്.

ആ പ്രദേശത്തെ ഭക്ഷ്യ വസ്‌തുക്കളിലെ മായം പരിശോധിക്കുന്നതൊടൊപ്പം ജനങ്ങള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും അവബോധം നല്‍കും. ഇതോടൊപ്പം അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഭക്ഷ്യ ഉൽപാദകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവര്‍ക്ക് പരിശീലനവും നല്‍കും. വീട്ടില്‍ മായം കണ്ടെത്താന്‍ കഴിയുന്ന മാജിക് കിറ്റുകളുടെ സഹായത്തോടെയാണ് പരിശീലനം. മായം കലരാത്ത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ വസ്‌തുക്കളിലെ മായം ലാബുകളില്‍ പോകാതെ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളാണ് ഈ മൊബൈല്‍ ലാബുകളില്‍ സജ്‌ജമാക്കിയിരിക്കുന്നത്. ഭക്ഷ്യ വസ്‌തുക്കളിലെ മായം വേഗം കണ്ടുപിടിക്കുന്നതിനുള്ള ക്യുക്ക് അഡല്‍റ്ററേഷന്‍ ടെസ്‌റ്റുകള്‍, മൈക്രോബയോളജി, കെമിക്കല്‍ അനാലിസിസ് തുടങ്ങിയവ നടത്തുന്നതിനുള്ള സംവിധാനങ്ങളുണ്ട്.

റിഫ്രാക്‌ടോമീറ്റര്‍, പിഎച്ച് & ടിഡിഎസ്. മീറ്റര്‍, ഇലക്‌ട്രോണിക് ബാലന്‍സ്, ഹോട്ട്‌പ്‌ളേറ്റ്, മൈക്രോബയോളജി ഇന്‍ക്യുബേറ്റര്‍, ഫ്യൂം ഹുഡ്, ലാമിനാര്‍ എയര്‍ ഫ്‌ളോ, ആട്ടോക്‌ളേവ്, മില്‍ക്കോസ്‌ക്രീന്‍, സാമ്പിളുകള്‍ സൂക്ഷിക്കാനുള്ള റഫ്രിജറേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളാണ് മൊബൈല്‍ ലാബിലുള്ളത്.

പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി മൈക്ക് സിസ്‌റ്റം ഉള്‍പ്പടെ ടിവി സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം, പാല്‍, എണ്ണകള്‍, മൽസ്യം, മറ്റ് ഭക്ഷ്യവസ്‌തുക്കള്‍ എന്നിവയിലെ മായങ്ങളും കൃത്രിമ നിറങ്ങളും കണ്ടുപിടിക്കാന്‍ സാധിക്കുന്നു. കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ടെങ്കില്‍ ഭക്ഷ്യ സുരക്ഷാ ലാബുകളിലേക്ക് അയക്കുന്നതാണ്.

Most Read: കെവി തോമസിന് അച്ചടക്ക സമിതിയുടെ നോട്ടീസ്; ഒരാഴ്‌ചക്കകം മറുപടി നൽകണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE