കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എംടി പത്‌മ അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിൽസയിൽ ആയിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. മുംബൈയിൽ മകൾക്കൊപ്പം ആയിരുന്നു ഏറെനാളായി താമസം. മൃതദേഹം നാളെ കോഴിക്കോട്ട് എത്തിക്കും.
1991 മുതൽ 1995 വരെ കെ കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്, ഗ്രാമീണ വികസന, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയായായിരുന്നു. കേരള മന്ത്രിസഭയിൽ അംഗമായ മൂന്നാമത്തെ വനിതയായിരുന്നു എംടി പത്‌മ. 1987ലും 1991ലും കൊയിലാണ്ടിയിൽ നിന്നുള്ള എംഎൽഎയായിരുന്നു. നിയമത്തിൽ ബിരുദവും ആർട്‌സിൽ ബിരുദാനന്തര ബിരുദവും നേടിയ പത്‌മ ലോ കോളേജിൽ പഠിക്കുന്ന സമയത്താണ് കെഎസ്‌യുവിലൂടെ രാഷ്‌ട്രീയത്തിലേക്ക് എത്തിയത്.
കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട്, സംസ്‌ഥാന പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചു. കെപിസിസി അംഗം, മഹിളാ കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി, സേവാദൾ ഫാമിലി വെൽഫെയർ കമ്മിറ്റി അംഗം, കോഴിക്കോട് ഡിസിസി ട്രഷറർ, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
1982ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാദാപുരത്ത് നിന്ന് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 1999ൽ പാലക്കാട് നിന്നും 2004ൽ വടകരയിൽ നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 2013ൽ കോഴിക്കോട് കോർപറേഷനിലേക്ക് കോൺഗ്രസ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്‌തു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’