വത്തിക്കാൻ സിറ്റി: ബെനഡിക്‌ട് പതിനാറാമൻ അന്തരിച്ചു. 95 വയസായിരുന്നു. വത്തിക്കാനിലെ മേറ്റർ എക്‌സീസിയ മൊണാസ്‌ട്രിയിലെ ആശ്രമത്തിലായിരുന്നു തന്റെ അവസാന കാലങ്ങൾ അദ്ദേഹം ചിലവഴിച്ചത്. രോഗബാധിതനായതിനെ തുടർന്ന് ചികിൽസയിലിരിക്കെയാണ് അന്ത്യം. മാർപാപ്പയായിരിക്കെ സ്‌ഥാനം ഒഴിഞ്ഞ ഏക വ്യക്‌തിയാണ് ബെനഡിക്‌ട് പതിനാറാമൻ.
പ്രാദേശിക സമയം ശനിയാഴ്‌ച രാവിലെ 9.34 നായിരുന്നു വിയോഗം. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19ന് സ്‌ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28ന് സ്‌ഥാനത്യാഗം ചെയ്‌തിരുന്നു. തുടർന്ന് പോപ്പ് എമിരിറ്റസ് എന്ന പദവിയിൽ വത്തിക്കാൻ ഗാർഡനിലെ വസതിയിൽ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം.
ആറ് നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായിരുന്നു ഒരു മാർപാപ്പയുടെ സ്‌ഥാനത്യാഗം. ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്‌സിംഗറാണ് ബെനഡിക്‌ട് പതിനാറാമൻ എന്ന സ്‌ഥാനപ്പേരിൽ മാർപാപ്പയായത്. ഒരേസമയം, യാഥാസ്‌ഥിതികനും പുരോഗമന വാദിയുമായ മാർപാപ്പ എന്നറിയപ്പെടുന്ന ബെനഡിക്‌ട് പതിനാറാമൻ ‘ധാർമികതയുടെ കാവലാൾ’ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.
ജർമനിയിലെ ബവേറിയയിൽ 1927 ഏപ്രിൽ 16ന് ആണ് ജനനം. പതിനാറാം വയസിൽ രണ്ടാംലോക മഹായുദ്ധത്തിൽ ജർമൻ വ്യോമസേനയിൽ സഹായിയായി. അമേരിക്കൻ സൈന്യത്തിന്റെ പിടിയിലകപ്പെട്ട് യുദ്ധത്തടവുകാരനായി. തടവിൽ നിന്ന് മോചിതനായ ശേഷമാണ് റാറ്റ്‌സിംഗർ സഹോദരനൊപ്പം സെമിനാരി ജീവിതം തുടങ്ങുന്നത്. 1945ൽ ആയിരുന്നു ഇത്.
1951ൽ വൈദികപ്പട്ടം ലഭിച്ചു. 1962ൽ രണ്ടാം വത്തിക്കാൻ കൗൺസിലിൽ കൊളോൺ ആർച്ച് ബിഷപ്പിന്റെ ഉപദേശകനായി. ഇക്കാലത്താണ് സഭയിലെ പരിഷ്‌കരണ വാദികളിൽ ഒരാളായി പേരെടുത്തത്. 1977ൽ മ്യൂണിക് ആർച്ച് ബിഷപ്പായി. ഇതേ വർഷം തന്നെ കർദ്ദിനാളും. 1981 നവംബറിൽ കർദ്ദിനാൾ റാറ്റ്‌സിംഗർ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്‌ടറായി. ജനന നിയന്ത്രണം, സ്വവർഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ കടുത്ത നിലപാട് എടുത്ത വ്യക്‌തി കൂടിയാണ് ഇദ്ദേഹം.
ജോൺ പോൾ രണ്ടാമനുമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ വലംകൈയായി പ്രവർത്തിച്ചു. പിന്നീട്, ജോൺ പോൾ രണ്ടാമന്റെ നിര്യാണത്തെ തുടർന്ന് 2005 ഏപ്രിൽ 19ന് പേപ്പൽ കോൺക്ളേവിന്റെ രണ്ടാം ദിനം കർദ്ദിനാൾ ജോസഫ് റാറ്റ്‌സിംഗർ ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. ബെനഡിക്‌ട് പതിനാറാമൻ എന്ന പേരും സ്വീകരിച്ചു.
തിരുത്തലുകളുടെയും ഏറ്റുപറച്ചിലുകളുടെയും അധ്യായമാണ് ബെനഡിക്‌ട് പതിനാറാമന്റെ കാലം. പാശ്‌ചാത്യ സഭയെ പിടിച്ചുലച്ച വൈദികർ ഉൾപ്പെട്ട ലൈംഗിക വിവാദങ്ങളിൽ പരസ്യമായി അദ്ദേഹം പ്രതികരിച്ചിരുന്നു. അമേരിക്കൻ സന്ദർശനത്തിനിടെ ന്യൂയോർക്കിലെ ജൂത സിനഗോഗിലെത്തിയതും ചരിത്ര സംഭവമായി. ഓർത്തഡോക്‌സ്, പ്രൊട്ടസ്‌റ്റന്റ്, ജൂത, ബുദ്ധ, ഇസ്‌ലാം മത നേതൃത്വുമായി അടുപ്പം പുലർത്തിയ ആളായിരുന്നു ബെനഡിക്‌ട് പതിനാറാമൻ.
Most Read: സജി ചെറിയാന്റെ തിരിച്ചുവരവ്; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം- കരിദിനം ആചരിക്കുമെന്ന് കെ സുധാകരൻ