തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. സിപിഎം സെക്രട്ടറിയേറ്റ് തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും രംഗത്തെത്തി. സജി ചെറിയാന്റെ സത്യപ്രതിജ്‌ഞാ ദിനം കോൺഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെ സുധാകരൻ പ്രതികരിച്ചു.
സജി ചെറിയാന്റെ പ്രസംഗത്തിൽ ഭരണഘടനാ ലംഘനം ഇല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാൽ മതിയോയെന്ന് സുധാകരൻ ചോദിച്ചു. ഒരു കാരണവശാലും സജി ചെറിയാന്റെ മന്ത്രി സ്‌ഥാനത്തേക്കുള്ള തിരിച്ചുവരവിനെ യുഡിഎഫ് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാൻ സത്യപ്രതിജ്‌ഞ ചെയ്യുന്ന ജനുവരി നാലിന് കരിദിനമായി യുഡിഎഫും കോൺഗ്രസും ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാനെ എന്തിനാണ് മന്ത്രിസഭയിൽ നിന്ന് രാജിവെപ്പിച്ചതെന്ന് സിപിഎം പറയണം. അദ്ദേഹം തെറ്റ് ചെയ്‌തില്ലെന്ന് പ്രാഥമികമായി സിപിഎമ്മിന് ഉറപ്പ് ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹം രാജിവെച്ചത്. സജി ചെറിയാന്റെ പ്രസംഗത്തിൽ ഭരണഘടനാ ലംഘനം ഇല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാൽ മതിയോ. അവർക്ക് എന്തും ആകാമെന്ന സ്‌ഥിതിയാണ്. സിപിഎമ്മിന് മാത്രം ഒന്നും ബാധകമല്ല. പൊതുജനം ഇത് ശരിയാണോ എന്ന് ചിന്തിക്കണം. കേരളത്തിൽ ചരസ്സും എംഡിഎംഎയും ഒഴുകുകയാണ്. എല്ലാത്തിനും പിന്നിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ്. ലഹരി മാഫിയക്ക് വേണ്ടിയാണ് ഈ ഭരണമെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
അതേസമയം, ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയാനെ, വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം ജനങ്ങളെ പരിഹസിക്കലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. സജി ചെറിയാൻ മന്ത്രി സ്‌ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം അതേപടി നിലനിൽക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയെയും ശിൽപ്പികളെയും അവഹേളിച്ച പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കുകയോ കൃത്യമായി തെളിവെടുപ്പ് നടത്തുകയോ ചെയ്യാതെ തട്ടിക്കൂട്ട് അന്വേഷണമാണ് പോലീസ് നടത്തിയത്. സജി ചെറിയാനെ കുറ്റവിമുക്‌തൻ ആക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്- സതീശൻ പറഞ്ഞു.
പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ല. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ തീരുമാനിച്ചത് നിയവ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണ്. ഭരണഘടനയെ പരസ്യമായി അവഹേളിച്ച ഒരാളെ മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവരികയും മറുഭാഗത്ത് ഭരണഘടനയെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്ത് വന്നിരിക്കുന്നതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു,
അതിനിടെ, മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെയെടുക്കാൻ സെക്രട്ടറിയേറ്റിൽ തീരുമാനം എടുത്തെന്ന് സ്‌ഥിരീകരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി. ഇന്നലെ ചേർന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് ആണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ തീരുമാനിച്ചത്. ജനുവരി നാലിനാണ് സത്യപ്രതിജ്‌ഞ-എംവി ഗോവിന്ദൻ പറഞ്ഞു.
ഈ വർഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പ്രസംഗത്തിനിടെ സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയത് വൻ വിവാദമായിരുന്നു. തുടർന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി ആയിരുന്ന സജി ചെറിയാന് കഴിഞ്ഞ ജൂലൈ മാസം മന്ത്രിസ്‌ഥാനം രാജിവെക്കേണ്ടി വന്നത്. എന്നാൽ, പകരം മറ്റൊരാൾക്ക് സിപിഐഎം മന്ത്രിസ്‌ഥാനം കൈമാറിയിരുന്നില്ല. സജി ചെറിയാൻ കൈകാര്യം ചെയ്‌തിരുന്ന സാംസ്‌കാരിക വകുപ്പ് വിഎൻ വാസവനും ഫിഷറീസ് വി അബ്‌ദുറഹിമാനും യുവജനക്ഷേമം പിഎം മുഹമ്മദ് റിയാസിനും വീതിച്ചു നൽകുകയായിരുന്നു.
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽയുമായ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിന് കളമൊരുങ്ങിയത്. ചീഫ് ജസ്‌റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു വിധി. സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്‌ഥ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
Most Read: ശബരിമല വിമാനത്താവളം; ഭൂമിയേറ്റെടുക്കാൻ സർക്കാർ ഉത്തരവ്