ന്യൂഡെൽഹി: ഗുജറാത്ത് കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) പ്രതികളും ഒത്തുകളിച്ചെന്ന വാദം തള്ളി സുപ്രീം കോടതി. കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നല്‍കിയ ഹരജി പരിഗണിക്കവെയാണ് വാദം കോടതി തള്ളിയത്.
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ക്ക് ക്ളീൻ ചിറ്റ് നല്‍കിയ എസ്ഐടി നടപടി ചോദ്യം ചെയ്‌താണ് ഹരജി സമര്‍പ്പിച്ചിരുന്നത്.
എന്നാല്‍ കോടതി നിയമിച്ച എസ്ഐടി ഒത്തുകളിച്ചെന്ന് പറയുന്നത് കടുത്ത പ്രയോഗമാണെന്ന് ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവരങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ചില ആളുകളെ എസ്ഐടി രക്ഷപ്പെടുത്തിയെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു.
“പോലീസുമായി പ്രതികള്‍ ഒത്തുകളിച്ചിട്ടുണ്ടാകാം. കോടതി നിയോഗിച്ച എസ്ഐടി ഒത്തുകളിച്ചെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും?”- കോടതി ചോദിച്ചു. മറ്റു പല കേസുകളിലും ഇതേ എസ്ഐടി സമര്‍പ്പിച്ച കുറ്റപത്രം പ്രകാരമാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ ഒത്തുകളി നടന്നതിന്റെ നിരവധി തെളിവുകൾ ഉണ്ടെന്നും മാദ്ധ്യമ സ്‌ഥാപനമായ തെഹൽക്കയുടെ ടേപ്പുകളടക്കം നിരവധി രേഖകള്‍ എസ്ഐടി പരിശോധിച്ചില്ലെന്നും മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടിയില്ലെന്നും സാകിയ ജാഫ്രിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍ പറഞ്ഞു.
2002 ഫെബ്രുവരിയിൽ ഗുൽബർഗ് സൊസൈറ്റിയിലുണ്ടായ കലാപത്തിൽ സാകിയ ജാഫ്രിയുടെ ഭർത്താവും മുൻ എംപിയുമായ ഇഹ്സാന്‍ ജാഫ്രി അടക്കം 68 പേരാണ് കൊല്ലപ്പെട്ടത്. 2019 ഡിസംബറിലാണ് ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രിസഭക്കും ക്ളീൻ ചിറ്റ് നൽകി ജസ്‌റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട് സമർപ്പിച്ചത്.
2008ൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലും മോദിക്ക് ക്ളീൻ ചിറ്റ് നൽകിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സിവിൽ കേസുകളിലും നരേന്ദ്രമോദിയെ കുറ്റ വിമുക്‌തനാക്കിയിരുന്നു. 2002ലെ ഗുജറാത്ത് വർഗീയ കലാപവുമായി ബന്ധപ്പെട്ട് അവശേഷിച്ച മൂന്ന് കേസുകളിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒഴിവാക്കിയത്. 22 കോടി രൂപയായിരുന്നു പരാതിക്കാർ ആവശ്യപ്പെട്ട നഷ്‌ടപരിഹാരം.
Most Read: മാംസാഹാരം ഇഷ്‌ടമുള്ളവർ അത് കഴിക്കും; സർക്കാരിന് എതിർപ്പില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി