ഗാന്ധിനഗർ: ജനങ്ങള്‍ സസ്യാഹരമാണോ, മാംസാഹരമാണോ കഴിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. സംസ്‌ഥാനത്തെ വിവിധയിടങ്ങളിൽ മാംസാഹാരം വില്‍ക്കുന്ന തെരുവ് കച്ചവടക്കാരോട് കടയൊഴിയാന്‍ നിര്‍ദ്ദേശിച്ചത് വിവാദമായതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
ഗതാഗത തടസം നിയന്ത്രിക്കാന്‍ വേണ്ടി മാത്രമാണ് കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ഭൂപേന്ദ്ര പട്ടേല്‍ വ്യക്‌തമാക്കി. ജനങ്ങള്‍ എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ സര്‍ക്കാരിന് യാതൊരു പ്രശ്‌നവുമില്ല. ഗതാഗതകുരുക്കും ശുചിത്വവും കണക്കിലെടുത്താണ് തീരുമാനമെടുത്ത്. വൃത്തിയോടെ ഭക്ഷണം നല്‍കണം എന്നതാണ് സർക്കാർ നിലപാടെന്നും ഭൂപേന്ദ്ര പട്ടേല്‍ കൂട്ടിച്ചേർത്തു.
അഹമ്മദാബാദില്‍ പൊതുനിരത്തുകളില്‍ നിന്നും ചില തദ്ദേശ സ്വയ ഭരണ സ്‌ഥാപനങ്ങളുടെ നിര്‍ദ്ദേശ പ്രകാരം മാംസാഹാരം വില്‍ക്കുന്ന ഫുഡ് സ്‌റ്റാളുകള്‍ നിരോധിക്കാനായി കൈക്കൊണ്ട നിലപാട് വഴിയോര കച്ചടവക്കാരെ പ്രതിസന്ധിയിലാക്കിയ സാഹചര്യമാണ് ഉള്ളത്. ഇതിന് പിന്നാലെയാണ് ഭൂപേന്ദ്ര പട്ടേലിന്റെ പ്രതികരണം. അതേസമയം കടകള്‍ നീക്കം ചെയ്യാന്‍ നിര്‍ബന്ധിതരായ കച്ചവടക്കാര്‍ ഉപജീവനമാര്‍ഗം നഷ്‌ടപ്പെടുമെന്ന ആശങ്കയിലാണ്.
Read Also: കെ-റെയിൽ മുന്നോട്ട് തന്നെ; ജില്ലകളിൽ കല്ലിടൽ പുരോഗമിക്കുന്നു