കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആർ. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയത്. കേസിൽ ഇതുവരെ അറസ്‌റ്റിലായ നാല് പേരും ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്. നാല് പേരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതെന്നും എഫ്‌ഐആറിൽ പറയുന്നു.
കേസിൽ പങ്കാളികളായ മറ്റുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ ബിജെപി കൗൺസിലർ ഉൾപ്പടെ നാല് ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിലായി. വിമൻ, അമൽ മനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്‌റ്റിലായത്. ഇവർ ഉൾപ്പടെ ഏഴ് പേരാണ് പോലീസ് കസ്‌റ്റഡിയിൽ ഉള്ളത്. ആക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തിയതിനാണ് അറസ്‌റ്റ്. ലിജേഷ് ബിജെപിയുടെ തലശേരി മണ്ഡലം പ്രസിഡണ്ടും തലശേരി നഗരസഭയിലെ മഞ്ഞോളി ഡിവിഷനിലെ കൗൺസിലറുമാണ്.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആരുടേയും അറസ്‌റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സിപിഎം പ്രവർത്തകനും പുന്നോൽ സ്വദേശിയുമായ ഹരിദാസിനെ ഇന്നലെ പുലർച്ചെ തലശേരി ന്യൂമാഹിക്കടുത്താണ് വെട്ടിക്കൊന്നത്. ഹരിദാസന്റെ മരണകാരണം അമിത രക്‌തസ്രാവം മൂലമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വലത് കാലിലും തുടയ്‌ക്കും മാരകമായ നാല് വെട്ടുകൾ ഏറ്റു. ഇരുകൈകളിലും ഗുരുതരമായി വെട്ടേറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ സിറ്റി അഡീഷണൽ എസ്‌പി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Most Read: നരേന്ദ്ര മോദിയുമായി ടെലിവിഷൻ സംവാദത്തിന് തയ്യാർ; ഇമ്രാൻ ഖാൻ