തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും (വ്യാഴം, വെള്ളി) കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. ഇതേതുടർന്ന് 11 ജില്ലകളിൽ യെല്ലോ അലർട് പ്രാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ പാലക്കാട് ജില്ലയിൽ വെള്ളിയാഴ്‌ച യെല്ലോ അലർട് ഇല്ല.
24 മണിക്കൂറില്‍ 115 മില്ലി മീറ്റർ വരെയുള്ള മഴയാണ് പ്രവചിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കേരളതീരത്ത് ശക്‌തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ശനിയാഴ്‌ച വരെ മൽസ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Most Read: ഡെല്‍റ്റ വകഭേദം; കോവിഷീല്‍ഡ് ആദ്യഡോസ് 61 ശതമാനം ഫലപ്രദം; റിപ്പോര്‍ട്