തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴ തുടരുമെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്ഥാനത്ത് 6 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്. കൂടാതെ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ഇപ്പോൾ കേരളത്തിൽ മഴ ശക്തമാകുന്നത്. നിലവിൽ ശ്രീലങ്കയ്ക്കും, കന്യാകുമാരിക്കും ഇടയിലാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. കൂടാതെ ഇത് നാളെയോടെ അറബിക്കടലിൽ എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം തന്നെ ന്യൂനമർദ്ദം ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഇതിനാലാണ് ഇപ്പോൾ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കിയത്. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യതയുണ്ട്. മഴക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും, കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ഈ ദിവസങ്ങളിൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിനും അധികൃതർ വിലക്ക് ഏർപ്പെടുത്തി.
Read also: ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയ്ക്ക് മുകളിൽ; റെക്കോർഡ് വർധന