തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ ലഭിക്കും. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. ശക്‌തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും മഴക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്കും മണിക്കൂറിൽ 40 കീമി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.
സംസ്‌ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്‌തി പ്രാപിക്കും.
കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഉച്ചയോടുകൂടി ശക്‌തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴക്കാണ് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതൽ മഴ ലഭിക്കുക. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി തെക്കൻ ബംഗാൾ ഉൾക്കടലിൽ 60 കിമീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Most Read: കനത്ത മഴ; ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് നിർത്തിവച്ചു