കട്ടപ്പന: നരിയംപാറയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ജീവനൊടുക്കി. നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജാണ്(24) ജയിലില്‍ തൂങ്ങിമരിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടി ആത്‍മഹത്യക്ക് ശ്രമിച്ച് ചികില്‍സയിലിരിക്കെ അഞ്ച് ദിവസം മുമ്പ് മരിച്ചിരുന്നു.
ഒക്‌ടോബർ 23-നാണ് പീഡനത്തിനിരയായ 17-കാരി തീകൊളുത്തി ആത്‍മഹത്യക്ക് ശ്രമിച്ചത്. ആത്‍മഹത്യ ശ്രമത്തിന് രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് കുടുംബം മനുവിനെതിരേ പരാതി നല്‍കിയത്. പോക്‌സോ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തെങ്കിലും ഒളിവില്‍ പോവുകയായിരുന്നു.
പെണ്‍കുട്ടി ആത്‍മഹത്യാശ്രമം നടത്തിയതിന് പിന്നാലെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിച്ചു.

































