ന്യൂഡെൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ അടുത്ത ഘട്ട ചർച്ചകൾ ഇന്ത്യയിൽ നടക്കും. മൂന്നാം ഘട്ട ചർച്ചകൾക്കാണ് ഏപ്രിലിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. നേരത്തെ രണ്ടാം ഘട്ട ചർച്ചകൾ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് നടന്നത്.
മാർച്ച് 17നായിരുന്നു ചർച്ച നടന്നത്. ചർച്ചയിൽ യുകെയിലെ പ്രത്യേക കേന്ദ്രത്തിൽ നിന്നും, വിദൂര ദൃശ്യ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രതിനിധികൾ പങ്കെടുത്തത്.
രണ്ടാം വട്ട ചർച്ചയ്‌ക്ക് മുൻപായി സ്വതന്ത്ര വ്യാപാര കരാറിന്റെ കരട് രൂപം പ്രതിനിധികൾക്കിടയിൽ പങ്കുവെച്ചു. കരാറിലെ സിംഹഭാഗം വരുന്ന അധ്യായങ്ങൾ വിശദമായി ചർച്ച ചെയ്‌തിരുന്നു.
26 നയ മേഖലകൾ ഉൾപ്പെടുത്തിയുള്ള 64 പ്രത്യേക സെഷനുകളിൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സാങ്കേതിക വിദഗ്‌ധർ പങ്കെടുത്തു. കോവിഡ് ഭീതി അകന്നിരിക്കുന്ന സാഹചര്യത്തിൽ മൂന്നാം വട്ട ചർച്ചകൾ അടുത്ത മാസം ഇന്ത്യയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.
Read Also: മരിയുപോളിലെ റഷ്യൻ ആക്രമണം; 300ലധികം പേർ കൊല്ലപ്പെട്ടതായി യുക്രൈൻ