കീവ്: താല്‍ക്കാലിക അഭയാർഥി ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന മരിയുപോളിലെ തിയേറ്ററിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 300ഓളം പേരെന്ന് യുക്രൈന്‍. മാര്‍ച്ച് 16നാണ് മരിയുപോളിലെ തിയേറ്ററിന് നേരെ റഷ്യ ബോംബ് വര്‍ഷിച്ചത്. സ്‌ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേര്‍ അഭയം തേടിയിരുന്ന ഇടമായിരുന്നു മരിയുപോളിലെ ഈ ഡ്രാമാ തിയേറ്റര്‍. നിലവില്‍ മരിയുപോളുമായുള്ള ബന്ധങ്ങള്‍ പൂര്‍ണമായി അറ്റ നിലയിലാണുള്ളതെന്നാണ് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്.
ഇവിടേക്ക് അവശ്യ വസ്‌തുക്കള്‍ അടക്കമുള്ളവയുടെ വിതരണവും ചുരുങ്ങിയ നിലയിലാണ്. യുക്രൈന്റെ തുറമുഖ നഗരമാണ് മരിയുപോള്‍. റഷ്യന്‍ വിമാനങ്ങള്‍ തിയേറ്ററിന് നേരെ ബോംബ് വര്‍ഷിക്കുക ആയിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തിയേറ്ററിന്റെ മധ്യഭാഗം പൂർണമായും ആക്രമണത്തില്‍ തകര്‍ന്നതായാണ് പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്‌തമാവുന്നത്.
നേരത്തെ മരിയുപോളിലെ മുസ്‌ലിം പള്ളിക്ക് നേരയുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കുട്ടികളടക്കം 80ഓളം പേര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പള്ളിയില്‍ അഭയം തേടിയ പൗരൻമാര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും യുക്രൈന്‍ വ്യക്‌തമാക്കി. സുല്‍ത്താന്‍ സുലൈമാന്റെയും ഭാര്യ റോക്‌സോളാനയുടെയും പേരിലുള്ള പള്ളിക്ക് നേരെയാണ് ഷെല്ലാക്രമണം നടത്തിയത്. 34 കുട്ടികളും സ്‌ത്രീകളുമടക്കം 84 പേര്‍ കൊല്ലപ്പെട്ടെന്നാണ് യുക്രൈന്‍ അറിയിച്ചത്.
Read Also: സിൽവർ ലൈൻ; സർക്കാർ ചില കാര്യങ്ങൾ തിരുത്തണമെന്ന് സിപിഐ