മുണ്ടക്കൈ: ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് രക്ഷാകരം നീട്ടിയതിന്റെ ആൽമ സംതൃപ്‌തിയിലാണ് മേജർ ജനറൽ വിടി മാത്യു വയനാട് ചുരമിറങ്ങുന്നത്. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേജർ ജനറലിന് നാടിന്റെ സ്‌നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്‌ടർ ഡിആർ മേഘശ്രീ യാത്രയയപ്പ് നൽകി.
ഇനി ബെംഗളൂരുവിലുള്ള കേരള-കർണാടക ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്ന് വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും അദ്ദേഹം നിരീക്ഷിക്കും. ഉരുൾപൊട്ടൽ നടന്ന ജൂലൈ 30 ചൊവ്വാഴ്‌ച രാവിലെ തന്നെ പോലീസ്, ഫയർഫോഴ്‌സ്, എൻഡിആർഎഫ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അന്നേ ദിവസം ഉച്ചയ്‌ക്ക് 12.30നാണ് ഇന്ത്യൻ കരസേന ദുരന്തമുഖത്ത് എത്തുന്നത്.
ആദ്യഘട്ടത്തിൽ തന്നെ നിരവധിയാളുകളെ രക്ഷിച്ചു. ജൂലൈ 31നാണ് കേരള, കർണാടക ജിഒസി (ജനറൽ ഓഫീസർ കമാൻഡിങ്) മേജർ വിടി മാത്യു വരുന്നതും രക്ഷാദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതും. 500ഓളം വരുന്ന സേനാംഗങ്ങളിൽ മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പിലെ ബെയ്‌ലി പാലം നിർമിക്കുന്നതിൽ അതിവിദഗ്‌ധരായ സൈനികരും ഉൾപ്പെട്ടിരുന്നു.
ആദ്യദിനം മുന്നൂറോളം പേരെയാണ് ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ ബെയ്‌ലി പാലത്തിന്റെ നിർമാണവും ആരംഭിച്ചു. ഇതോടൊപ്പം അടിയന്തിര രക്ഷാപ്രവർത്തനത്തിന് നടപ്പാലവും നിർമിച്ചു. അന്നുമുതൽ ദൗത്യത്തിൽ മുമ്പിൽ ഉണ്ടായിരുന്നത് മലയാളി കൂടിയായിരുന്ന മേജർ ജനറൽ വിടി മാത്യുവും സംഘവുമായിരുന്നു. ഏകദേശം 500ഓളം പേരെയാണ് രണ്ടുദിവസം കൊണ്ട് രക്ഷപ്പെടുത്തിയത്.
500 സൈനികർ ഇപ്പോഴും ദുരന്തമുഖത്തുണ്ട്. പ്രതികൂല കാലാവസ്‌ഥയിൽ വലിയ രക്ഷാദൗത്യം വിജയിപ്പിക്കാൻ സാധിച്ചതിൽ വലിയ സംതൃപ്‌തിയുണ്ടെന്ന് വിടി മാത്യു പ്രതികരിച്ചു. ആവശ്യമുണ്ടെങ്കിൽ വീണ്ടും വയനാട്ടിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലെ തൊടുപുഴ ഏഴുമുട്ടത്താണ് വിടി മാത്യുവിന്റെ ജനനം. തിരുവനന്തപുരം സൈനിക സ്‌കൂളിലായിരുന്നു പഠനം.
പിന്നീട് നാഷണൽ ഡിഫൻസ് അകാദമായി പൂനെയിൽ പഠനവും പരിശീലനവും. തുടർന്ന് ഇന്ത്യൻ മിലിട്ടറി അക്കാദമയിൽ പരിശീലനം. മദ്രാസ് റെജിമെന്റിലാണ് ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത്. പാകിസ്‌ഥാൻ അതിർത്തിയിലും (കശ്‌മീർ) ചൈന അതിർത്തിയിലും കമാൻഡിങ് ഓഫീസറായി ജോലി ചെയ്‌തിട്ടുണ്ട്. 2021ൽ രാഷ്‌ട്രപതിയുടെ യുദ്ധ സേവാ മെഡലും 2023ൽ അതിവിശിഷ്‌ട സേവാ മെഡലും നേടിയിട്ടുണ്ട്.
Most Read| ഇറാൻ-ഇസ്രയേൽ യുദ്ധസാധ്യത; പൗരൻമാർ ഉടൻ ലബനൻ വിടണമെന്ന് യുഎസ് മുന്നറിയിപ്പ്