ന്യൂഡെൽഹി: ഗാസിപൂർ അതിർത്തിയിലെ പ്രക്ഷോഭ കേന്ദ്രത്തിന് സമീപം മരിച്ച കർഷകന്റെ മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കർഷകന്റെ അമ്മ ജസ്വീർ കൗർ, സഹോദരൻ ഗുർവീന്ദർ തുടങ്ങിയവരുടെ പേരിലാണ് കേസ്. സെഹ്‌റാമു പോലീസ് സ്‌റ്റേഷൻ ചുമതലയുള്ള അശുതോഷ് രഘുവൻഷിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് എഫ്‌ഐആർ.
ബാരി ബുജിയ എന്ന ഗ്രാമത്തിൽ താമസിക്കുന്ന ബൽജീദ്ര എന്ന കർഷകൻ ജനുവരി 25നാണ് സമരകേന്ദ്രത്തിന് സമീപം അപകടത്തിൽ മരിച്ചത്. ജനുവരി 23ന് കർഷക സമരത്തിൽ പങ്കെടുക്കാൻ സുഹൃത്തുക്കളോടൊപ്പം ഡെൽഹിയിൽ എത്തിയതായിരുന്നു ബൽജീദ്ര. മോർച്ചറിയിൽ സൂക്ഷിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം ഫെബ്രുവരി രണ്ടിനാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
രക്‌തസാക്ഷി എന്ന നിലയിൽ കർഷകന്റെ മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിച്ച് അന്ത്യോപചാര ചടങ്ങുകൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
Also Read: കർഷകരുടെ ദേശീയപാതാ ഉപരോധം ഇന്ന്; പ്രധാന കേന്ദ്രങ്ങളിൽ അതിസുരക്ഷ