എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അവസാനഘട്ടത്തിൽ. നിലവിൽ സാക്ഷികളുടെയും, പ്രതികളുടെയും മൊഴികൾ കണ്ടെത്തിയ തെളിവുകളുടെ അടിസ്‌ഥാനത്തിൽ അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. കൂടാതെ സാക്ഷികൾ കൂറുമാറാനുണ്ടായ സാഹചര്യവും എട്ടാം പ്രതിയായ ദിലീപിന്റെ സ്വാധീനവും വ്യക്‌തമാക്കിയാകും അന്വേഷണ സംഘം തുടർ അന്വേഷണത്തിന്റെ കുറ്റപത്രം സമർപ്പിക്കുക.
ഒപ്പം തന്നെ കേസിൽ ദിലീപിന്റെ പങ്ക് വ്യക്‌തമാക്കുന്ന ഡിജിറ്റൽ തെളിവുകളും എഫ്എസ്എൽ റിപ്പോർട്ടുകളും അടക്കം റിപ്പോർട്ടിൽ ഉണ്ടാകും. കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നതായി ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കിയത്. തുടരന്വേഷണത്തിൽ കാവ്യാ മാധവൻ പ്രതിയാകില്ലെന്നും, ദിലീപിന്റെ അഭിഭാഷകർക്കെതിരെ അന്വേഷണം ഉണ്ടാകില്ലെന്നും അന്വേഷണ സംഘം വ്യക്‌തമാക്കിയിരുന്നു.
2017 ഫെബ്രുവരി 17ആം തീയതിയാണ് കൊച്ചിയിൽ വച്ച് നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 18ന് തന്നെ നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനെ പോലീസ് അറസ്‌റ്റ് ചെയ്യുകയും, പൾസർ സുനി എന്ന സുനിൽകുമാറടക്കമുള്ള 6 പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്‌തു. തുടർന്ന് ജൂലൈ 10ആം തീയതിയാണ് നടൻ ദിലീപ് കേസിൽ ജയിലിലാകുന്നത്. ദിലീപിനെതിരെ ശക്‌തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ദിലീപിനെ അറസ്‌റ്റ് ചെയ്‌തത്.
Read also: ഇടുക്കിയിലെ പട്ടയവിതരണം; ഉദ്യോഗസ്‌ഥർക്ക് എതിരെ റവന്യൂ അന്വേഷണം