ന്യൂഡെൽഹി: ഇന്ത്യയിൽ ഇതുവരെ പാഴായത് 23 ലക്ഷം കോവിഡ് വാക്‌സിൻ ഡോസുകൾ. സംസ്‌ഥാനങ്ങൾക്കായി കേന്ദ്രം നൽകിയ ഏഴ് കോടി വാക്‌സിൻ ഡോസുകളിൽ 3.46 കോടി ഡോസാണ് ഇതുവരെ കുത്തിവെച്ചത്. വിതരണം ചെയ്‌തതിന്റെ 6.5 ശതമാനം വാക്‌സിൻ ഡോസുകൾ പാഴായെന്നാണ് റിപ്പോർട്ടുകൾ.
വാക്‌സിൻ പരമാവധി ഉപയോഗപ്പെടുത്തുന്നതിനെ പ്രോൽസാഹിപ്പിക്കാനും 6.5 ശതമാനത്തോളം വാക്‌സിൻ പാഴാകുന്നത് കുറക്കാനും കേന്ദ്രം സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കോവിഷീൽഡ് വയൽ (കുപ്പി) ഉപയോഗിച്ച് 10 പേർക്ക് കുത്തിവെപ്പെടുക്കാം. കോവാക്‌സിൻ വയൽ ഉപയോഗിച്ച് 20 പേർക്കും. ഒരു വയലിലെ 0.5 മില്ലിയാണ് ഒരാൾക്ക് കുത്തിവെക്കുന്നത്.
ഒരു പ്രാവശ്യം വയൽ പൊട്ടിച്ചാൽ അത് നാല് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണമെന്നാണ് പറയുന്നത്. നാല് മണിക്കൂർ കഴിഞ്ഞാൽ അത് ഉപയോഗിക്കാൻ പാടില്ല. ഇത്തരത്തിൽ രാജ്യത്ത് 23 ലക്ഷം പേർക്ക് കൊടുക്കേണ്ടിയിരുന്ന വാക്‌സിനാണ് ഇതുവരെ പാഴായിപ്പോയത്.
ഒരു വയലിൽ ഒരു ഡോസ് എന്നാക്കിയാൽ പാക്കിങ്ങും മറ്റും ചെലവേറിയതാവും. അതിനാലാണ് ഒരു വയലിൽ 10ഉം 20ഉം ഡോസുകൾ ഉൾപ്പെടുത്തുന്നത്. പാഴാകാതിരിക്കാൻ കൂടുതൽ ഗുണഭോക്‌താക്കൾ മുന്നോട്ട് വരേണ്ടതുണ്ടെന്ന് മേഖലയിലെ വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.
Read Also: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000ത്തിലേക്ക്; 20,654 പേർക്ക് രോഗമുക്‌തി