വാർസോ: യുക്രൈനിലെ ഉന്നതതല ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തി യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. ശനിയാഴ്‌ച വാര്‍സോയില്‍ വെച്ചാണ് രണ്ട് യുക്രൈനിയന്‍ മന്ത്രിമാരുമായി ജോ ബൈഡന്‍ ചര്‍ച്ച നടത്തിയത്. റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് യുഎസ് പ്രസിഡണ്ട് യുക്രൈനിയന്‍ സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച നടത്തുന്നത്.
യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയും പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവും യുക്രൈനില്‍ നിന്ന് പോളണ്ടിലെത്തിയാണ് ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തിയത്. സിറ്റി സെന്ററിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്‌ച.
യുദ്ധം ആരംഭിച്ചത് മുതല്‍ യുക്രൈനിയന്‍ അഭയാർഥികളുടെ വലിയതോതിലുള്ള പ്രവാഹമുള്ള വാര്‍സോ റെയിൽവേ സ്‌റ്റേഷന് എതിര്‍വശത്താണ് ചര്‍ച്ച നടന്ന ഹോട്ടല്‍ എന്നത് ശ്രദ്ധേയമാണ്. റഷ്യയുടെ ആക്രമണം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഫെബ്രുവരി 22ന് വാഷിംഗ്‌ടണില്‍ വെച്ച് ബൈഡന്‍ കുലേബയെ കണ്ടിരുന്നു.
അതിനുശേഷം, മാര്‍ച്ച് 5ന് പോളണ്ടില്‍ കുലേബ യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആന്റണി ബ്ളിങ്കെനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. റഷ്യന്‍ അധിനിവേശത്തിനെതിരെ ‘നട്ടെല്ല്’ കാണിച്ചതിന് യുക്രൈൻ ജനതയെ അദ്ദേഹം പ്രശംസിക്കുകയും 1989ല്‍ ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ ജനാധിപത്യ അനുകൂല പ്രതിഷേധവുമായി അവരുടെ പ്രതിരോധത്തെ താരതമ്യം ചെയ്യുകയും ചെയ്‌തു.
Most Read: തിരഞ്ഞെടുപ്പ് കഴിഞ്ഞു; വാക്‌സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം തിരികെ വരുന്നു