കണ്ണൂർ: നൂറുകോടി ചിലവിൽ ജില്ലയിൽ നടപ്പിലാക്കുന്ന കെ-ഫോൺ (കേരള ഫോൺ) പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഒന്നാംഘട്ടത്തിൽ 969 കേന്ദ്രങ്ങളിലായാണ് പദ്ധതി ലഭ്യമാക്കുക. ഇതിനായി 900 കിലോമീറ്റർ ദൂരത്തിൽ കേബിൾ സ്‌ഥാപിക്കുന്ന പണികൾ പൂർത്തിയായി. ഇനി 95 കിലോമീറ്റർ മാത്രമാണ് അവശേഷിക്കുന്നത്. നവംബർ മാസത്തോടെ ഒന്നാംഘട്ട പണികൾ പൂർത്തിയാകും. ഡിസംബറിൽ പദ്ധതിയുടെ രണ്ടാഘട്ട പ്രവൃത്തികളും ആരംഭിക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി കണക്ഷൻ നൽകാനാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ സർക്കാർ ഓഫിസുകൾ, സർക്കാർ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ആശുപത്രികൾ, അക്ഷയ സെന്ററുകൾ എന്നിവയ്‌ക്കാണ് ഇന്റർനെറ്റ് കണക്ഷൻ നൽകുക. തുടർന്ന് രണ്ടാംഘട്ടത്തിലാണ് വീടുകളിലേക്കും മറ്റും കണക്ഷൻ വ്യാപിപ്പിക്കുക. രണ്ടു ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയിൽ ജില്ലയിൽ മൊത്തം 2,750 കിലോമീറ്റർ കേബിൾ ആണ് സ്‌ഥാപിക്കേണ്ടത്.
കേരളത്തിൽ ഉടനീളം അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ സർക്കാർ സ്‌ഥാപിക്കുന്ന അതിവിപുലമായ ഫൈബർ ശൃംഖലയാണ് കെ-ഫോൺ. യുദ്ധകാലാടിസ്‌ഥാനത്തിൽ ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കാനായിരുന്നു ചീഫ് സെക്രട്ടറി കൺസോർഷ്യത്തിന് നൽകിയ നിർദ്ദേശം. എന്നാൽ, കോവിഡും തുടർന്നുള്ള ലോക്ക്‌ഡൗണുകളും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. ഓൺലൈൻ ക്‌ളാസുകൾ നടക്കുന്നതിനാൽ വൈദ്യുതി സപ്ളൈ ഓഫ് ചെയ്‌തുള്ള കേബിൾ വലിക്കുന്ന പ്രവൃത്തിയിലും തടസം നേരിട്ടു. തുടർന്ന് പദ്ധതി നിർവഹണം നീണ്ടുപോവുകയാണ് ഉണ്ടായത്.
Read Also: കവളപ്പാറ പുനരധിവാസം; 2.60 കോടി രൂപ അനുവദിച്ചു