കരുവന്നൂർ തട്ടിപ്പ്; എസി മൊയ്‌തീന്‌ പങ്ക്; ഫയലുകൾ സിപിഎം പൂഴ്‌ത്തി; കെ സുരേന്ദ്രൻ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടിയുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ സംസ്‌ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുൻ സഹകരണ വകുപ്പ് മന്ത്രി എസി മൊയ്‌തീനും സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവനും തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നു എന്ന് സുരേന്ദ്രൻ ആരോപിച്ചു.

തട്ടിപ്പിലൂടെയുള്ള പണം എസി മൊയ്‌തീന്റെ ബന്ധുക്കളും ആജ്‌ഞാനുവർത്തികളും റിസോർട് നിർമാണത്തിനുൾപ്പടെ ഉപയോഗിച്ചിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച ഉന്നത സിപിഎം നേതാക്കളെ രക്ഷപെടുത്താൻ വേണ്ടിയാണ്. എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കാൻ സാധ്യതയുള്ളതിനാൽ മുഴുവൻ ഫയലുകളും പൂഴ്‌ത്തിയിരിക്കുകയാണ്.

ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാവുന്ന ഒരു കേസല്ല ഇത്. പ്രധാന കുറ്റവാളികൾ ഇതിനോടകം വിദേശ രാജ്യങ്ങളിലേക്ക് കടന്നു കഴിഞ്ഞു. പലരും ഒളിവിലാണ്. അതിനാൽ, കേരളത്തിലെ ആഭ്യന്തര വകുപ്പിന് കീഴിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത് കേസിനെ അട്ടിമറിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. തട്ടിപ്പ് കേസിൽ സിപിഎമ്മിലെ ഉന്നതരുടെ പേര് പുറത്തുവരാതിരിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് ഇപ്പോഴത്തെ സഹകരണ വകുപ്പ് മന്ത്രിയും ആഭ്യന്തര മന്ത്രിയും ചേർന്ന് നടത്തുന്നത്.

സമാനമായ തട്ടിപ്പ് സംസ്‌ഥാനത്തെ പല സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ചും നടന്നിട്ടുണ്ട്. ആലപ്പുഴയിലും പത്തനംതിട്ടയിലും ഇത്തരം തട്ടിപ്പുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ നിരവധി സഹകരണ ബാങ്കുകൾ സംബന്ധിച്ച് ഗൗരവതരമായിട്ടുള്ള ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള 106 സഹകരണ ബാങ്കുകളിൽ തട്ടിപ്പ് നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബിജെപി വിവരങ്ങൾ മുഴുവൻ സമാഹരിച്ച് വരികയാണ്.

സിപിഎമ്മിന്റെ കീഴിലുള്ള സഹകരണ ബാങ്കുകളെ പാർട്ടിയുടെ കള്ളപ്പണം ഒളിപ്പിക്കുന്നതിനാണ് സംഘങ്ങൾ ഉപയോഗപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പിന് തട്ടിപ്പ് പണം എടുത്തിട്ടുണ്ടെന്ന് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർ ഉറപ്പിച്ചുപറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കള്ളപ്പണം ഉപയോഗിക്കാൻ സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്തുന്ന നടപടിയാണ് സിപിഎമ്മിന്റേത്. ഗൗരവതരമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിലവിലെ അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE