പൃഥ്വിരാജ് നായകനായി എത്തുന്ന ഷാജി കൈലാസ് ചിത്രം ‘കടുവ’യുടെ ചിത്രീകരണം താൽക്കാലികമായി നിർത്തി വച്ചു. സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം ഭീതി ഉയർത്തുന്ന സാഹചര്യത്തിലാണ് ചിത്രീകരണം നിർത്തി വെക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ച വിവരം സംവിധായകൻ ഷാജി കൈലാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിലവിലത്തെ സാഹചര്യത്തിൽ മാറ്റമുണ്ടാകുന്നതോടെ ചിത്രീകരണം വീണ്ടും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
‘നമ്മുടെ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കടുവ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തി വെക്കുകയാണ്. സ്‌ഥിതിഗതികൾ മെച്ചപ്പെടുന്ന സാഹചര്യത്തിൽ ചിത്രീകരണം പുനഃരാരംഭിക്കും’ എന്നാണ് ഷാജി കൈലാസ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്‌തമാക്കിയത്.
നീണ്ട 8 വർഷത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ഈ മാസം 16ആം തീയതിയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്‌റ്റിന്‍ സ്‌റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മാണം നിർവഹിക്കുന്ന ചിത്രത്തിൽ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്‌ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.
Read also : ഉടുമ്പും കള്ളുപാട്ടും പിന്നെ ഞാനും…; മനസ് തുറന്ന് ഇമ്രാൻ ഖാൻ