‘കള്ളുപാട്ടു’മായി ആലാപനരംഗത്ത് ചുവടുറപ്പിച്ച് റിയാലിറ്റി ഷോ താരം ‘ഇമ്രാൻ ഖാൻ‘. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ഉടുമ്പ്‘ എന്ന ചിത്രത്തിലെ ഇമ്രാൻ ആലപിച്ച ഗാനം പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിക്കഴിഞ്ഞു.
യൂട്യൂബിലും സമൂഹ മാദ്ധ്യമങ്ങളിലും ചുരുങ്ങിയ സമയംകൊണ്ട് ഹിറ്റായി മാറിയ ‘എന്റെ മുത്തപ്പനേ..പൊന്നു മുത്തപ്പനേ’ എന്ന് തുടങ്ങുന്ന ‘കള്ളുപാട്ടിന്’ പിന്നിലെ ആ ഇരുത്തം വന്ന, വേറിട്ട ശബ്‌ദം ഒരുകാലത്തു റിയാലിറ്റി ഷോയിലൂടെ തരംഗമായി മാറിയ ഇമ്രാൻ ഖാന്റേതാണ്. ഒരു കള്ള് ഷാപ്പിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഈ ഗാനത്തിൽ തന്റെ പ്രതീക്ഷകളുടെ കൂടുകെട്ടുകയാണ് ഇമ്രാനിപ്പോൾ.
റിലീസിന് തയാറെടുക്കുന്ന ‘ഉടുമ്പ്’ എന്ന ചിത്രത്തിലേതാണ് ഗാനം. ഡോണുകളുടെയും ഗ്യാങ്‌സറ്റർമാരുടെയും കഥ പറയുന്ന ഈ ‘ഡാര്‍ക്ക് ത്രില്ലർ’ ചിത്രത്തിലെ ഗാനം തന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഇമ്രാൻ ഖാൻ. പേരിലെ ഗാംഭീര്യമൊന്നും സ്വഭാവത്തിലും ജീവിതത്തിലുമില്ലാത്ത, ടിവി പ്രേക്ഷകരായ മലയാളികൾക്ക് ഏറെ സുപരിചിതനായ, റിയാലിറ്റി ഷോ ജൻമം നൽകിയ പാട്ടുകാരന്‍ ഇമ്രാൻ ഖാൻ ‘മലബാർ ന്യൂസു‘മായി സംസാരിച്ചതിലെ പ്രസക്‌ത ഭാഗങ്ങൾ:
പേര് വന്ന വഴി…
ഉപ്പയാണ് എനിക്ക് ‘ഇമ്രാൻ ഖാൻ‘ എന്ന ഈ പേരിട്ടത്. ഉപ്പയ്‌ക്ക് ഏറെ ഇഷ്‌ടമുള്ള പേരായിരുന്നു ഇത്. ഇങ്ങനെയുള്ള പേരുകളോട് ഉപ്പയ്‌ക്ക് പ്രത്യേക താൽപര്യം ആയിരുന്നു. പൊതുവെ ഇത്തരം പേരുകൾ നമ്മൾ മലയാളികൾക്ക് അത്ര പരിചിതമല്ലാത്തതിനാൽ പലരും പേരിനെ കുറിച്ച് ചോദിക്കാറുണ്ടായിരുന്നു. എന്നാൽ എനിക്കതിനെപ്പറ്റി വലിയ പിടിയില്ല എന്നതാണ് വാസ്‌തവം! പക്ഷെ മുൻ ക്രിക്കറ്റർ കൂടിയായ ഇപ്പോഴത്തെ പാകിസ്‌താൻ പ്രധാനമന്ത്രിയുടെ പേരും ‘ഇമ്രാൻ ഖാൻ’ എന്നാണല്ലോ. പോരാത്തതിന് ഇതേ പേരിൽ ഒരു ബോളിവുഡ് താരവും ഉണ്ട്. അതുകൊണ്ട് ഗൂഗിൾ സെർച്ചിലൊന്നും നമ്മൾ ആദ്യം വരികയില്ല. എന്നുവെച്ച് ഈ പേരിനോട് ഒരു ഇഷ്‌ടക്കുറവും ഇല്ല കേട്ടോ,’ ഇമ്രാൻ ഖാൻ ചിരിക്കുന്നു.
ഉമ്മയും ഞാനും ഓട്ടോയും
വീട്ടിൽ ഉമ്മയും ഞാനും മാത്രമാണ് ഇപ്പോൾ. കൊല്ലം പള്ളിമുക്കിലാണ് വീട്. ഉപ്പയുടെ മരണ ശേഷമാണ് ഓട്ടോ ഓടിക്കാൻ ആരംഭിച്ചത്. ഇപ്പോൾ നാലു വർഷമായി ഓട്ടോ ഓടിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. നേരത്തെ ഒന്നര വർഷത്തോളം പ്രവാസ ജീവിതവും നയിച്ചിരുന്നു. എന്നാൽ അതിനിടെ ഉപ്പയ്‌ക്ക് അസുഖം വന്നതോടെ തിരിച്ച് നാട്ടിലേക്ക് വരികയായിരുന്നു. വാടകയ്‌ക്കെടുത്ത ഓട്ടോയാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇപ്പോൾ സ്വന്തമായി ഒരു സെക്കൻഡ് ഹാൻഡ് ഓട്ടോ വാങ്ങി’, ഇമ്രാൻ തന്റെ മറ്റൊരു സന്തോഷം കൂടി പങ്കുവെച്ചു.

‘ഐഡിയ സ്‌റ്റാർ സിംഗർ ഫെയിം ഇമ്രാൻ ഖാൻ’
ഐഡിയ സ്‌റ്റാർ സിംഗറിൽ പങ്കെടുക്കുന്നത് 2009ലാണ്. അന്ന് പ്രൈസ് ഒന്നും കിട്ടിയില്ലെങ്കിലും ഫൈനൽ സ്‌റ്റേജ് വരെയൊക്കെ എത്താൻ കഴിഞ്ഞിരുന്നു. ഇന്നും ‘സ്‌റ്റാർ സിംഗർ ഫെയിം’ എന്ന പേരിൽ തന്നെയാണ് പ്രോഗ്രാമുകൾ ലഭിക്കുന്നത്.

എന്നാലിപ്പോൾ കൊറോണ ആയതിനാൽ സ്‌റ്റേജ് ഷോകളും ഇല്ലാതായി. അന്ന് ഒപ്പം പാടിയിരുന്നവരുമായി ഇപ്പോൾ വലിയ ബന്ധമൊന്നും ഇല്ല. എപ്പോഴെങ്കിലും കണ്ടാലായി. അതിന് ശേഷം വേറെ റിയാലിറ്റി ഷോകളിലൊന്നും പങ്കെടുത്തിരുന്നില്ല.
വാതിലുകൾ വീണ്ടും തുറക്കപ്പെടുന്നു….
സോഷ്യൽ മീഡിയയിൽ അത്ര സജീവമൊന്നും ആയിരുന്നില്ല ഞാൻ. കൊറോണ വന്നതിന് ശേഷമാണ് അതിലേക്ക് തിരിഞ്ഞത്. മറ്റുള്ളവർ സ്‌മ്യൂളിലും മറ്റും പാടുന്നത് കണ്ട് എനിക്കും അതുപോലെ ചെയ്യണമെന്ന് തോന്നി. ആദ്യമൊക്കെ സ്‌മ്യൂളിൽ പാട്ട് പാടിയിടുമ്പോൾ ചുരുക്കം പേരാണ് കണ്ടിരുന്നത്. എന്നാൽ പിന്നീട് പാട്ട് ടിക്‌ടോക്കിലും ഇട്ടതോടെ ഒരുപാട് വ്യൂവേഴ്‌സിനെ ലഭിച്ചു. പലരും മറന്ന് തുടങ്ങിയപ്പോൾ വീണ്ടും എന്നെ സജീവമാക്കിയത് സോഷ്യൽ മീഡിയ തന്നെയാണ്. ഇപ്പോൾ നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ എന്റെ പാട്ടുകൾക്ക് നല്ല സപ്പോർട് നൽകുന്നുണ്ട്. പാട്ടുകൾ കേട്ട് പലരും നല്ല അഭിപ്രായം പറയുന്നത് തന്നെ വലിയ സന്തോഷമാണ്.
ഈ ‘ഉടുമ്പ്’ പിടിത്തം
‘ഉടുമ്പി’ലെ ഗാനമാലപിക്കാൻ ഇതിന്റെ സംഗീത സംവിധായകനായ സാനന്ദ് ജോർജ് ഗ്രേസ് എന്നെ നേരിട്ട് വിളിക്കുകയായിരുന്നു. അദ്ദേഹം വിളിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. നേരത്തെ ‘സീനിയേഴ്‌സ് എന്ന സിനിമയിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും എന്റെ ആദ്യ സോളോ ഗാനം ഇതാണ്. ‘കള്ള് പാട്ടി’ന് പുറമെ മറ്റൊരു മെലഡി കൂടി ഈ സിനിമയിൽ ഞാൻ പാടിയിട്ടുണ്ട്. പാട്ടിന്റെ ഓഡിയോ വേർഷൻ റിലീസായിട്ടുണ്ട്. അതിന്റെ വീഡിയോ ഉടൻ പുറത്തുവിടും. ഒരേ സിനിമയിൽ രണ്ട് വ്യത്യസ്‌തമായ പാട്ടുകൾ പാടാൻ സാധിച്ചത് വലിയ ഭാഗ്യമായാണ് കരുതുന്നത്. പാട്ടിന് പൊതുവെ നല്ല അഭിപ്രായമാണ് എല്ലാവരും പറയുന്നത്. അതുതന്നെ വലിയ സന്തോഷമാണ്. ഇനിയും കൂടുതൽ അവസരങ്ങൾ വരുമെന്നാണ് പ്രതീക്ഷ.
വലിയ ആഗ്രഹങ്ങളൊന്നുമില്ല…
തമിഴും തെലുങ്കും കന്നഡയും ഹിന്ദിയും എന്നുവേണ്ട ഏതു ഭാഷയിലും പാടാമെന്നുള്ള ആത്‌മ വിശ്വാസം എനിക്കുണ്ട്. എന്നാലും വലിയ മോഹങ്ങളൊന്നുമില്ല. പ്രേക്ഷകർ എന്നെന്നും ഓർമ്മിക്കുന്ന ഒരു പാട്ടെങ്കിലും പാടാൻ കഴിയണമെന്നാണ് ആഗ്രഹം. ഞാൻ സംഗീതം ചിട്ടയായി പഠിച്ചിട്ടില്ല. കേട്ടു പാടുന്നു എന്നുമാത്രം. ഇമ്രാൻ ഖാൻ പറയുന്നു.
ശാസ്‌ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും തന്റെ നിശ്‌ചയദാർഢ്യവും സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് ഉയരങ്ങൾ കീഴടക്കാൻ ഇമ്രാന് കൈമുതലായി ഉള്ളത്.
കുറച്ചു മാസങ്ങൾക്ക് മുൻപ് സംഗീത സംവിധായകൻ ഗോപി സുന്ദർ ഇമ്രാൻ ഖാനെ ഞെട്ടിച്ച വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയ തന്റെ ഗാനങ്ങളാണ് ഇമ്രാനെ ഗോപി സുന്ദറിന്റെ അരികിൽ എത്തിച്ചത്. ഈ അടുത്ത കാലത്താണ് ഒരു റിയാലിറ്റി ഷോക്കിടെ ഗോപി സുന്ദർ ഇമ്രാന് ഒരു ഗാനം വാഗ്‌ദാനം ചെയ്‌തത്. പിന്നാലെ തന്റെ വാക്ക് പാലിക്കാൻ ഇമ്രാനെ തേടി ഗോപി എത്തുകയായിരുന്നു.

ഇമ്രാന്റെ ഓട്ടോയിൽ യാത്രക്കാരനെന്ന വ്യാജേന കയറുകയും തന്റെ പുതിയ പാട്ട് പാടാനുള്ള അഡ്വാൻസ് നൽകുകയും ചെയ്‌താണ് അന്ന് ഗോപി സുന്ദർ ഇമ്രാനെ ഞെട്ടിച്ചത്. പാടുക മാത്രമല്ല പ്രസ്‌തുത വീഡിയോ ഗാനത്തിൽ ഇമ്രാൻ ചെറിയ രീതിയിൽ അഭിനയിക്കുകയും ചെയ്‌തിരുന്നു.
വീഡിയോ കാണാം:
‘ഉടുമ്പി’ലെ തന്റെ പാട്ട് പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ ത്രില്ലിലാണ് ഇമ്രാനിന്ന്. ഇനിയും ഒരുപിടി നല്ല ഗാനങ്ങൾ തന്നെ തേടിവരുമെന്ന പ്രതീക്ഷയിലാണ് ഈ ഗായകൻ.
Read Also: അന്നു ആന്റണിയുടെ ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’; ചിത്രീകരണം ദുബായില്‍ പൂർത്തിയായി