ആനന്ദം സിനിമയിലൂടെ മലയാളത്തിലേക്ക് നായികയായി എത്തിയ അന്നു ആന്റണി പ്രധാന വേഷത്തിലെത്തുന്ന ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’ സിനിമയുടെ ചിത്രീകരണം ദുബായില്‍ പൂർത്തിയായി.
സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‍ജു ബാദുഷയാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’ കഥ, തിരക്കഥ തയാറാക്കിയത് സംവിധായകൻ തന്നെയാണ്. പ്രശസ്‌ത പ്രൊഡക്ഷൻ കൺട്രോളർ എൻഎം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
കോവിഡ് കാലത്ത് പൂർണമായും ഗള്‍ഫ് പാശ്‌ചാത്തലത്തില്‍ ചിത്രീകരിച്ച സിനിമയുടെ പ്രധാന ലൊക്കേഷനുകൾ ദുബായ്, അബുദാബി, ഫുജൈറ, റാസ് അൽ ഖൈമ എന്നിവിടങ്ങളായിരുന്നു. അന്നു ആന്റണി, പ്രിജിൽ, ആൻസൺ പോൾ, മിഥുൻ രമേഷ് തുടങ്ങിയ മലയാളിതാരങ്ങളെ കൂടാതെ അന്താരാഷ്‌ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, ജെന്നിഫർ, നസ്സഹ എന്നിവരും ചിത്രത്തിൽ വേഷങ്ങൾ ചെയ്യുന്നുണ്ട്.
പ്രശസ്‌ത ഛായാഗ്രാഹകൻ ഷിജു എം ഭാസ്‌കറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ – വിഷ്‌ണു വേണുഗോപാൽ, മേക്കപ്പ് – നയന രാജ്, വസ്‌ത്രാലങ്കാരം – സംഗീത ആർ പണിക്കർ, ആർട്ട് – രാഹുൽ രഘുനാഥ്, പ്രോജക്‌ട് ഡിസൈനർ – പ്രജിൻ ജയപ്രകാശ്, സ്‌റ്റിൽസ് – ശ്യാം മേത്യൂ, പിആർഒ – പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഓണം റിലീസായി എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
Most Read: മലയാളത്തിലും ഒടിടി വിപ്ളവം; മമ്മൂട്ടിയുടെ ‘വൺ’ നെറ്റ്ഫ്ളിക്‌സിൽ എത്തുന്നു