കോഴിക്കോട്: കരിപ്പൂരില്‍ ഈ മാസം 14 ന് നഴ്സുമാരുമായി വലിയ വിമാനം എത്തിക്കാനുള്ള സൗദി എയര്‍ലൈന്‍സിന്റെ ആവശ്യം ഡി.ജി.സി.എ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) നിരസിച്ചു. ഇതോടെ വലിയ വിമാനങ്ങള്‍ക്ക് അനുമതി ഇല്ലെന്ന് ഔദ്യോഗികമായി നിര്‍ദേശം ലഭിച്ചു. കരിപ്പൂരിന് തിരിച്ചടിയാണ് ഡി.ജി.സി.എയുടെ തീരുമാനം.
ഓഗസ്റ്റ് 7 നു നടന്ന വിമാനാപകടത്തിന് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് ഉദ്യോഗസ്ഥരുടെ വാക്കാലുള്ള വിലക്ക് എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഉണ്ടായിരുന്നെങ്കിലും വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വലിയ വിമാനങ്ങളുടെ സര്‍വീസുമായി മുന്നോട്ടു പോകാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തീരുമാനിച്ചത്.
കോവിഡ് ചികിത്സക്ക് സഹായിക്കാനായി കേരളത്തില്‍ നിന്ന് പോയ നഴ്സുമാരുടെ തിരിച്ചു വരവിനായി സൗദി എയര്‍ലൈനിന്റെ വിമാനമാണ് കരിപ്പൂരിലേക്ക് എത്താന്‍ അനുമതി തേടിയത്. ഈ മാസം 14 നാണ് യാത്ര നിശ്ചയിച്ചത്. യാത്രക്ക് അനുമതി തേടി സൗദി എയര്‍ലൈന്‍സ് ഡി.ജി.സി.എ യെ സമീപിച്ചു. എന്നാല്‍ അനുമതി നിഷേധിച്ച് ഡി.ജി.സി.എയുടെ നിര്‍ദ്ദേശം വരികയായിരുന്നു.
വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി ലഭിക്കാതിരിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തെ ബാധിക്കുന്നതാണ്. നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ പോകാനും ഇത് കാരണമാകും.