വിമാനാപകടം; സാങ്കേതിക തകരാറാവില്ലെന്ന് സൂചന

By Desk Reporter, Malabar News
plane crash Malabar News
Ajwa Travels

കോഴിക്കോട്: കരിപ്പൂരിൽ വെള്ളിയാഴ്ചയുണ്ടായ നാടിനെ നടുക്കിയ വിമാനാപകടം സാങ്കേതിക പിഴവു മൂലമായിരിക്കാൻ ഇടയില്ലെന്ന് സൂചന. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും വിരമിച്ച പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സീനിയർ ഓഫീസറാണ് ഒരു വാർത്താ മാദ്ധ്യമത്തോട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തിയത്. സാങ്കേതിക തകരാറുണ്ടെങ്കിൽ അത് പൈലറ്റിന് വിമാനത്താവളത്തിലെ കൺട്രോൾ ടവറുമായി അടിയന്തിര സാഹചര്യങ്ങളിൽ അയക്കുന്ന എസ്. ഒ. എസ്. (സേവ് ഔർ സോഴ്‌സ് ) സന്ദേശം വഴി ബന്ധപ്പെടാമെന്നിരിക്കെ ഇത്തരമൊരു ഇടപെടൽ പൈലറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തിരമായി വിമാനം ഇറക്കിയതിന്റെ ലക്ഷണങ്ങളൊന്നും ലഭ്യമല്ലെന്നും അനുമതി ലഭിച്ചതിനു ശേഷം സാധരണ ലാന്റിങ്ങിന് തന്നെയാണ് പൈലറ്റ് ശ്രമിച്ചതെന്നുമാണ് അറിയാൻ കഴിയുന്നതെന്നും ഓഫീസർ കൂട്ടിച്ചേർത്തു.

എയർ ഇന്ത്യയുടെ മറ്റൊരു സീനിയർ മെക്കാനിക്കൽ എൻജിനീയറും എയർ ഇന്ത്യ എക്സ്പ്രെസ്സിലെ ഒരു സീനിയർ പൈലറ്റും ഇതേ വിലയിരുത്തലാണ് നടത്തുന്നത്. അടിയന്തിര ലാൻഡിംഗ് നടത്തിയതിന്റെ സൂചനകളില്ലെന്നും വിമാനത്തിലെ ഇന്ധനം ചോർത്തിക്കളഞ്ഞിരിക്കാമെന്ന റിപ്പോർട്ടുകളും മറ്റും ഊഹാപോഹം മാത്രമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. മാത്രവുമല്ല ഇന്ധനം ചോർത്തിക്കളയുന്നതുപോലുള്ള സാഹചര്യമുണ്ടായാൽ പൈലറ്റ് അത് കൺട്രോൾ ടവറുമായി ബന്ധപ്പെടുകയും അഗ്നിശമന വിഭാഗം അടക്കമുള്ളവർ സുരക്ഷാ നടപടികളുമായി വിമാനത്താവളത്തിൽ വിന്യസിക്കപ്പെടുകയും ചെയ്യും. എന്നാൽ ഇവിടെ ഇത്തരം സംഭവങ്ങൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

വിമാനങ്ങൾക്ക് രണ്ടറ്റത്തു നിന്നും ഇറങ്ങാവുന്ന രീതിയിലാണ് കരിപ്പൂരിൽ റൺവേ രൂപകൽപന ചെയ്തിരിക്കുന്നത്. കൂടാതെ ഓരോ വിമാനത്തിനും ഇറങ്ങുന്നതിനായി ടച്ച് ഡൗൺ സോണും ഉണ്ട്.റൺവേയുടെ 3000 അടിക്കുള്ളിലുള്ള ഈ മേഖലയ്ക്ക് പുറത്താകാം വിമാനം ഇറക്കിയിട്ടുണ്ടാകാമെന്നാണ് പ്രഥമിക നിഗമനം.

പൊതുവെ കനത്ത മഴയിൽ കാഴ്ച കുറയുന്ന സ്ഥിതി കരിപ്പൂരിൽ ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ടച്ച്ഡൗണിനു ശേഷം വിമാനം തെന്നിയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് സീനിയർ പൈലറ്റിന്റെ വാദം.

ബ്ലാക്ക് ബോക്സിനുള്ളിലെ വിവരങ്ങൾ നിർണ്ണായകമാണ്. വിമാനത്തിന്റെ സാങ്കേതിക വിവരങ്ങളെല്ലാം ഉൾക്കൊള്ളുന്ന ബ്ലാക്ക് ബോക്സിലെ കോക്പിറ്റ് വോയിസ് റെക്കോർഡർ വിവരങ്ങളും കൺട്രോൾ ടവറിലെ ആശയവിനിമയ രേഖകളും യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരുമെന്നാണ് കരുതുന്നത്. വിമാനങ്ങളുടെ പിൻഭാഗത്തെ കാർഗോയിൽ ആയിരിക്കും ബ്ലാക്ക് ബോക്സ് എന്നതിനാൽ കരിപ്പൂരിലെ അപകടത്തിൽ ഇതിന് കേടുപാടുകൾ ഉണ്ടാവാൻ ഇടയില്ലെന്നാണ് സീനിയർ ഓഫീസർ പറയുന്നത്. ഇത് പരിശോധിക്കുന്നതിനുള്ള സംവിധാനം മുബൈയിലാണുള്ളതെന്നും ഡി.ജി.സി.എ. ഉദ്യോഗസ്ഥർ ഉടൻ അവിടേക്ക് തിരിക്കുമെന്നുമാണ് അറിയുന്നത്. രണ്ടോ മൂന്നോ ദിവസങ്ങൾക്കകം അപകടവുമായി ബന്ധപ്പെട്ട യഥാർത്ഥ വസ്തുതകൾ പുറത്തു വരുമെന്നാണ് സൂചന.

ഭാഗ്യം കൊണ്ടാണ് വിമാനത്തിന് തീ പടരാതിരുന്നത് എന്നാണ് സീനിയർ പൈലറ്റ് അഭിപ്രായപ്പെടുന്നത്. മഴയും വിമാനം കുത്തിയിറക്കാത്തതും ഇതിന് സഹായകമായിരുന്നിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനങ്ങളിൽ അതിന്റെ ചിറകുകളിലാണ് ഇന്ധനം സംഭരിക്കുന്നത്. സാധാരണ ഗതിയിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഓട്ടോ ബ്രേക്ക് സിസ്റ്റമാണ് വിമാനങ്ങൾ ഇറക്കുമ്പോൾ പ്രവർത്തിപ്പിക്കുക എന്നും സംഭവം നിർഭാഗ്യകരമാണെന്നേ പറയാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരിപ്പൂരിലെ റൺവേയുടെ അറ്റത്തുള്ള സുരക്ഷിത ഇടം മറ്റുള്ളവയെക്കാൾ കുറവാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. റൺവേയുടെ ദൈർഘ്യം കുറച്ചാണ് ഇതിന് പരിഹാരം കണ്ടെത്തിയിരുന്നത്. സുരക്ഷാ സമിതിയുടെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. അപകടത്തെ തുടർന്ന് ഈ ഇടത്ത് വലിയ അടയാളങ്ങൾ ഉണ്ടെന്നാണ് അറിയുന്നത്. പൈലറ്റ് അടിയന്തിര മാനുവൽ ബ്രേക്കിങ്ങിന് ശ്രമിച്ചതാകാം ഇതിന് കാരണമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE