തിരുവനന്തപുരം: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ സംസ്‌ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും അംഗീകരിക്കില്ല. ഈ നിര്‍ദേശത്തോട് കേരളം ശക്‌തമായി വിയോജിക്കും.
പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ എതിര്‍ക്കുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം ഇടക്കാലത്ത് സര്‍ക്കാര്‍ ഇല്ലാതായാല്‍ പകരം മന്ത്രിസഭ എങ്ങനെ തിരഞ്ഞെടുക്കും എന്നതാണ്. സര്‍ക്കാര്‍ രാജിവെക്കുക, അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുക, ഭൂരിപക്ഷം നഷ്‌ടപ്പെട്ട് രാജിവെക്കേണ്ടി വരിക, ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ രൂപപ്പെടുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഈ ചോദ്യം പ്രസക്‌തമാണ്.
ഇടക്കാലത്ത് സര്‍ക്കാര്‍ വീണാല്‍ ബാക്കി ഭരണകാലം ദീര്‍ഘമാണെങ്കില്‍ കാവല്‍ മന്ത്രിസഭയെന്ന നിര്‍ദേശം സ്വീകാര്യമാകില്ല. രാഷ്‍ട്രപതി ഭരണമെന്ന നിര്‍ദശത്തോടും യോജിക്കാന്‍ കഴിയില്ല. കാരണം, അത് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ പ്രാദേശിക കക്ഷികള്‍ ദുര്‍ബലമാകും എന്നും പ്രതിപക്ഷങ്ങള്‍ ആരോപിക്കുന്നു.
എന്നാല്‍ ഇത് ബിജെപിയുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. 2009-ലെ പൊതുതിരഞ്ഞെടുപ്പിന് 1115 കോടിയും 2014-ല്‍ 3870 കോടിയുമാണ് ചെലവിട്ടത്. എല്ലാ വര്‍ഷവും രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് തിരഞ്ഞെടുപ്പുണ്ടാകും. ഇതുവഴിയുള്ള ചെലവും മനുഷ്യാധ്വാനവും പെരുമാറ്റച്ചട്ടം മൂലമുള്ള വികസന സ്‌തംഭനവുമാണ് തിരഞ്ഞെടുപ്പ് ഒരുമിച്ചാക്കാനുള്ള നിര്‍ദേശത്തിന് പ്രത്യക്ഷ കാരണമായി ബിജെപി പറയുന്നത്.
Also Read: ജനവാസ മേഖലയിലെ ക്വാറികൾ, അകലം 200 മീറ്ററായി കൂട്ടണം; നിയമസഭാ സമിതി