തിരുവനന്തപുരം: മതാടിസ്‌ഥാനത്തിൽ ഉദ്യോഗസ്‌ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്‌ടർ കെ ഗോപാലകൃഷ്‌ണനെതിരെ നടപടിക്ക് സാധ്യത. സംഭവത്തിൽ ഡിജിപി എസ് ദർവേഷ് സാഹിബിനോദ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ റിപ്പോർട് തേടി.
ഗോപാലകൃഷ്‌ണന്റെ ഫോണിൽ ഹാക്കിങ് നടന്നതിന് തെളിവില്ലെന്ന് നേരത്തെ ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതുസംബന്ധിച്ചു സിറ്റി പോലീസ് കമ്മീഷണർ ജി സ്‌പർജൻ കുമാർ ഡിജിപിക്ക് റിപ്പോർട് നൽകിയതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി റിപ്പോർട് തേടിയത്.
ഐഫോൺ ഉൾപ്പടെ ഗോപാലകൃഷ്‌ണൻ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകൾ പോലീസ് പരിശോധിച്ചിരുന്നു. ഹാക്ക് ചെയ്‌തതിന് തെളിവില്ലെന്ന് മെറ്റ അധികൃതരും പോലീസിനെ അറിയിച്ചു. അതേസമയം, മേലധികാരിയെ മനോരോഗിയെന്ന് വിശേഷിപ്പിച്ച കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനോട് വിശദീകരണം തേടാനും തീരുമാനമായി.
അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെ ‘ചിത്തരോഗി’ എന്നാണ് എൻ പ്രശാന്ത് ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അവഹേളിച്ചത്. ഉന്നതിയുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ജയതിലക് സമർപ്പിച്ച റിപ്പോർട് മുഖ്യമന്ത്രിയുടെ പരിഗണനയിലിരിക്കെയായിരുന്നു പ്രശാന്തിന്റെ അധിക്ഷേപം.
പട്ടികജാതി- പട്ടികവർഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിർവഹണത്തിനുമായി രൂപീകരിച്ച ഉന്നതിയിലെ (കേരള എംപവർമെന്റ് സൊസൈറ്റി) ഫയലുകൾ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. ഉന്നതിയുടെ പ്രവർത്തനം തന്നെ സ്‌തംഭിച്ച അവസ്‌ഥയിലാണെന്ന് ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട് കൈമാറിയിരുന്നു.
പട്ടികജാതി- വർഗ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്തെ ഗുരുതരമായ വീഴ്‌ചകളാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ജയതിലകിനെതിരെ പ്രശാന്ത് രൂക്ഷവിമർശനം നടത്തിയത്. വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തിൽ ആരോപണവിധേയനായ കെ ഗോപാലകൃഷ്‌ണനെയാണ് പിന്നീട് ഉന്നതിയുടെ സിഇഒ ആയി നിയമിച്ചത്.
രേഖകൾ ആവശ്യപ്പെട്ട് പ്രശാന്തിന് കത്ത് നൽകി രണ്ടുമാസത്തിന് ശേഷമാണ് രണ്ടു കവർ മന്ത്രിയുടെ ഓഫീസിൽ എത്തിയത്. കവറുകളിൽ ഉന്നതിയുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ ഇല്ലെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്.
Most Read| ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പടെ തിരിച്ചടി; ഫാസ്‌റ്റ്‌ട്രാക്ക് വിസാ പദ്ധതി അവസാനിപ്പിച്ച് കാനഡ