പട്ടാമ്പി: വീട് ജപ്‌തി ചെയ്യാനെത്തിയതിനെ തുടർന്ന് തീകൊളുത്തി ആത്‍മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ പട്ടാമ്പി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പട്ടാമ്പി കീഴായൂർ കിഴക്കേ പുരക്കൽ ജയ (48) ആണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്‌ച രാവിലെയാണ് സംഭവം നടന്നത്.
ജയയുടെ ഭർത്താവ് ഉദയൻ സ്‌റ്റേഷനിലെത്തി മൊഴി നൽകിയതിന് പിന്നാലെയാണ് പട്ടാമ്പി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുള്ളത്. കോടതി നടപടി പ്രകാരം ജപ്‌തി നടപടികൾക്കായാണ് ഷൊർണൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് അധികൃതരും, പോലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥരും അടങ്ങുന്ന സംഘം ജയയുടെ വീട്ടിലെത്തിയത്.
ഉദ്യോഗസ്‌ഥർ കാര്യങ്ങൾ അറിയിച്ചപ്പോൾ ജയ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്‌ധ ചികിൽസയ്‌ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ ജയ വൈകിട്ട് ഏഴോടെയാണ് മരിച്ചത്.
ഷൊർണൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ നിന്നും 2015ൽ ജയയും ഭർത്താവും ചേർന്ന് രണ്ടുലക്ഷം രൂപ ലോണെടുത്തിരുന്നു. തിരിച്ചടവുകൾ തെറ്റിയതോടെ ഇപ്പോൾ അഞ്ചുലക്ഷം രൂപയുടെ കടബാധ്യതയായി. പട്ടാമ്പിയിൽ ബ്യൂട്ടീഷ്യനായി ജോലി നോക്കുന്നയാളാണ് ജയ. സംഭവത്തെ തുടർന്ന് പട്ടാമ്പിയിൽ വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങളും നടന്നു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്