കൊച്ചി: സംസ്‌ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും. ‘നെക്‌ടർ ഓഫ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉൽഘാടനം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും.
റോട്ടറി ക്ളബ്ബ് ഓഫ് കൊച്ചിൻ ഗ്ളോബലിന്റെ സഹകരണത്തോടെ സ്‌ഥാപിച്ചിരിക്കുന്ന മുലപ്പാൽ ബാങ്ക് റോട്ടറി ഡിസ്‌ട്രിക്‌ട് 3201 മുൻ ഗവർണർ മാധവ്ചന്ദ്രന്റെ ആശയമാണ്. മാതാവിന്റെ മരണം, രോഗബാധ അല്ലെങ്കില്‍ മുലപ്പാലിന്റെ അപര്യാപ്‌തത തുടങ്ങിയവ മൂലം പാൽ ലഭിക്കാത്ത നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മുലപ്പാല്‍ ബാങ്ക് സ്‌ഥാപിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ 32 വര്‍ഷം മുമ്പ് തന്നെ മുലപ്പാല്‍ ബാങ്കെന്ന ആശയം വന്നിരുന്നെങ്കിലും കേരളത്തില്‍ ഇതുവരെ നടപ്പായിരുന്നില്ല.
ശേഖരിക്കുന്ന പാൽ 6 മാസം വരെ ബാങ്കിൽ കേടുകൂടാതെ സൂക്ഷിക്കാനാവും. ജനറൽ ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങൾക്ക് മാത്രമാണ് തുടക്കത്തിൽ സൗജന്യമായി മുലപ്പാൽ ലഭ്യമാക്കുക. പിന്നീട് പാൽ ശേഖരണത്തിനും വിതരണത്തിനുമായി ആശുപത്രികളുടെ ശൃംഖലയുണ്ടാക്കാനാണ് പദ്ധതി.
പാസ്ചുറൈസേഷൻ യൂണിറ്റ്, റഫ്രിജറേറ്ററുകൾ, ഡീപ് ഫ്രീസറുകൾ, ഹോസ്‌പിറ്റൽ ഗ്രേഡ് ബ്രസ്‌റ്റ് പമ്പ്, ആർഒ പ്ളാന്റ്, സ്‌റ്റെറിലൈസിങ് ഉപകരണങ്ങൾ, കംപ്യൂട്ടറുകൾ തുടങ്ങിയവ അടങ്ങുന്നതാണ് മുലപ്പാൽ ബാങ്ക്. 35 ലക്ഷം രൂപ ചെലവിലാണ് ഇത് സ്‌ഥാപിച്ചിരിക്കുന്നത്.
ബാങ്ക് സ്‌ഥാപിക്കുന്നതിന് റോട്ടറി ക്ളബ്ബ് ഓഫ് കൊച്ചിൻ ഗ്ളോബലും സംസ്‌ഥാന ആരോഗ്യ വകുപ്പും തമ്മിൽ കഴിഞ്ഞ വർഷം ധാരണാപത്രം ഒപ്പിട്ടിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് പദ്ധതി വൈകുകയായിരുന്നു.
Also Read: ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് തടസപ്പെടുത്തിയ ‘ജനാധിപത്യ’ രാജ്യമായി ഇന്ത്യ