ന്യൂഡെൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ തവണ പൗരൻമാരുടെ ഇന്റർനെറ്റ് സേവനം തടസപ്പെടുത്തിയ ജനാധിപത്യ രാജ്യമായി ഇന്ത്യ. കഴിഞ്ഞ 4 വർഷത്തിനിടെ ഇന്ത്യയിൽ 400ൽ കൂടുതൽ തവണ ഇന്റർനെറ്റ് ലോക്ക്ഡൗൺ ഉണ്ടായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2021ൽ മാത്രം രാജ്യത്ത് ഏഴ് തവണ ഇന്റർനെറ്റ് വിഛേദിച്ചു. കർഷക സമരം നടക്കുന്ന സമയത്താണ് ഇവയിൽ അഞ്ചും ഉണ്ടായത്.
2017ൽ 79 തവണ ഇന്റർനെറ്റ് റദ്ദാക്കിയപ്പോൾ അടുത്ത വർഷം ഈ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായി. 134 തവണയാണ് 2018ൽ ഇന്റർനെറ്റ് വിഛേദിച്ചത്. 2019ൽ 10 തവണയും കഴിഞ്ഞ വർഷം 83 തവണയും രാജ്യത്ത് ഇന്റർനെറ്റ് ലോക്ക്ഡൗണുകൾ ഏർപ്പെടുത്തി. പൗരൻമാരുടെ അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞുവെക്കുന്ന ഏറ്റവും വലിയ നടപടിയായാണ് ലോക രാജ്യങ്ങൾ ഇന്റർനെറ്റ് വിഛേദിക്കുന്നതിനെ കാണുന്നത്.
ലോകത്തിലെ ഏറ്റവും നീണ്ട ഇന്റർനെറ്റ് ലോക്ക്ഡൗണും ഇന്ത്യയിലാണ്. ആർട്ടിക്കിൾ 370 റദ്ദ് ചെയ്‌തതിന് ശേഷം 2019 ഓഗസ്‌റ്റ് 4 മുതൽ 2020 മാർച്ച് 4 വരെ ജമ്മു കശ്‌മീരിലെ ഇന്റർനെറ്റ് വിഛേദിച്ചതാണ് ലോകത്തിലെ ഏറ്റവും നീണ്ട ഇന്റർനെറ്റ് ലോക്ക്ഡൗൺ. 223 ദിവസമാണ് കശ്‌മീർ പുറം ലോകവുമായി ബന്ധമില്ലാതെ ജീവിച്ചത്.
ഇന്ത്യയാണ് ഏറ്റവുമധികം ഇന്റർനെറ്റ് ലോക്ക്ഡൗണുകൾ ഏർപ്പെടുത്തിയ ജനാധിപത്യ രാജ്യമെന്ന് ഫോർബ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കശ്‌മീരിലാണ് ഏറ്റവുമധികം തവണ ഇന്റർനെറ്റ് വിഛേദിച്ചിട്ടുള്ളത്. രാജസ്‌ഥാൻ, യുപി, പശ്‌ചിമ ബംഗാൾ, ഹരിയാന, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങൾ കശ്‌മീരിനു പിന്നിലാണ്. മിക്ക ലോക്ക്ഡൗണുകളും മൂന്നു ദിവസത്തിലധികം നീണ്ട് നിൽക്കുന്നവയും ആയിരുന്നു.
Read Also: ഇന്ധനവില ഇന്നും മുകളിലേക്ക്; പൊറുതിമുട്ടി ജനങ്ങൾ