കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന് പിന്നിലെ തടാകത്തിന് സമീപം മണ്ണിടിച്ചിൽ. വെങ്കുളത്തുമാട് പ്രദേശത്തെ തടാകത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വിമാനത്താവളത്തിന്റെ പിറക് വശത്തെ പള്ളിക്കൽ പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലാണ് വെങ്കുളത്തുമാട്. വർഷങ്ങൾക്ക് മുൻപ് വിമാനത്താവളത്തിന് ആവശ്യമായ മണ്ണെടുത്തതോടെയാണ് ഇവിടെ ഒരു തടാകം രൂപപ്പെട്ടത്. ഈ തടാകത്തിന്റെ ഒരു വശമാണ് നിലവിൽ ഇടിഞ്ഞത്.
ഇതോടെ നാട്ടുകാർ ആശങ്കയിലാണ്. അതേസമയം, കനത്ത മഴയിൽ മണ്ണിടിഞ്ഞതോടെ കരിപ്പൂർ സിഐ ഷിബുവിന്റെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തിയിരുന്നു. സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയതായും മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കുമെന്നും സിഐ അറിയിച്ചിട്ടുണ്ട്. കൂടാതെ പ്രദേശ വാസികളുടെ ആശങ്ക അകറ്റാൻ തദ്ദേശവാസികളുടെ യോഗം പി അബ്‌ദുൽ ഹമീദ് എംഎൽഎയുടെ നേതൃത്വത്തിൽ വിളിച്ചു ചേർക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ചെമ്പാൻ മുഹമ്മദലി പറഞ്ഞു. സംഭവത്തിൽ കളക്‌ടർക്ക് റിപ്പോർട് നൽകുമെന്ന് തഹസിൽദാർ ഇ അബൂബക്കർ പറഞ്ഞു.
ഇവിടെയെത്തിയാൽ മനോഹരമായ വെള്ളക്കെട്ടും വിമാനത്താവളവും ഒരുമിച്ചു കാണാൻ സാധിക്കും. ഇതോടെ ദിവസവും ഇവിടേക്കെത്തുന്ന സന്ദർശകരുടെ എണ്ണം നിരവധിയാണ്. സന്ദർശകർ വിമാനത്താവളം കാണാൻ നിൽക്കുന്ന ഭാഗങ്ങളിലാണ് മണ്ണിടിഞ്ഞിട്ടുള്ളത്. ഇതിന്റെ തൊട്ടടുത്തായി വിമാനത്താവളത്തിന്റെ ചുറ്റുമതിലും ഉണ്ട്. ഈ മതിലിനോട് ചേർന്ന് മണ്ണടുത്തതിനാൽ ഇവിടെയും അപകട ഭീഷണിയുണ്ട്. ഇത് വൻ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Most Read: എംജി സർവകലാശാല സംഘർഷം; വനിതാ നേതാവിന്റെ മൊഴിയെടുക്കുന്നു