എംഎ കൈരളി (പനമ്പാട് കുഞ്ഞിമുഹമ്മദ് മാസ്‌റ്റർ) അന്തരിച്ചു

പ്രമുഖ ഡോക്യുമെന്റേഷൻ ഫോട്ടോ ജേണലിസ്‌റ്റ് ജമാൽ പനമ്പാടിന്റെ പിതാവും കലാ സാംകാരിക വിദ്യഭ്യാസ പ്രവർത്തകനുമായ എംഎ കൈരളി എന്ന പനമ്പാട് കുഞ്ഞിമുഹമ്മദ് മാസ്‌റ്റർ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു.

By Desk Reporter, Malabar News
MA Kairali (Panampad Kunjimuhammed Master) passed away

പൊന്നാനി: കലാ സാംസ്‌കാരിക വിദ്യഭ്യാസ മേഖലയിൽ പ്രവർത്തിച്ചിരുന്ന എംഎ കൈരളി അന്തരിച്ചു. ഇല്ലത്തേൽ കുഞ്ഞിമുഹമ്മദ് മൗലവി എന്നും പനമ്പാട് കുഞ്ഞിമുഹമ്മദ് മാസ്‌റ്റർ എന്നും അറിയപ്പെട്ടിരുന്ന കുഞ്ഞിമുഹമ്മദ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു.

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വൈകീട്ട് 7മണിയോടെ ആയിരുന്നു അന്ത്യം. 77വയസായിരുന്നു. കബറടക്കം കാലത്ത് 11 മണിക്ക് മുൻപായി മാറഞ്ചേരി, പനമ്പാട്, നീറ്റിക്കൽ പള്ളി ഖബർസ്‌ഥാനിൽ നടക്കും

കഴിഞ്ഞ 60 വർഷമായി മാറഞ്ചേരിയുടെ കലാ സാംസ്‌കാരിക വിദ്യഭ്യാസ രംഗത്ത് സജീവമായ വ്യക്‌തിത്വമായിരുന്നു ഇദ്ദേഹത്തിന്റേത്. ഒരു കാലത്ത് പനമ്പാടെന്ന സ്‌ഥലപ്പേര് കേരളം മുഴുവൻ എത്തിച്ച അമേച്വർ/പ്രഫഷണൽ നാടക രംഗത്തെ ‘കൈരളി കലാ കേന്ദ്രം’ സ്‌ഥാപിച്ചവരിൽ ഒരാൾ കൂടിയാണ് എംഎ കൈരളി എന്ന പനമ്പാട് കുഞ്ഞിമുഹമ്മദ് മാസ്‌റ്റർ.

എംഎകെ, എംഎ കൈരളി തുടങ്ങിയ പേരുകളിൽ നാടകകലയോടൊപ്പം മാപ്പിളപ്പാട്ടുകളിലൂടേയും കെട്ടുപാട്ടുകളിലൂടേയും കഥാ പ്രസംഗങ്ങളിലൂടേയും സാമൂഹിക ജീർണതകൾക്കെതിരെ ശബ്‌ദമുയർത്തിയിരുന്ന ഇദ്ദേഹം കേരളത്തിലെ സ്‌കൂളുകളിൽ ‘അറബിക്ക് മുൻഷി’ നിയമനത്തിന് തുടക്കം കുറിച്ചപ്പോൾ നാട്ടിലെ ഹൈസ്‌കൂൾ വിദ്യഭ്യാസം പൂർത്തിയാക്കിയ യുവതി യുവാക്കളെ തിരഞ്ഞ് പിടിച്ച് അവർക്ക് പ്രത്യേക ട്യൂഷൻ ക്ളാസുകൾ നൽകി മുൻഷി പരീക്ഷക്കും പ്രിലിമിനറി പരീക്ഷകൾക്കും പ്രാപ്‌തരാക്കുകയും ജോലി വാങ്ങികൊടുക്കുകയും ചെയ്യാൻ മുൻപന്തിയിൽ നിന്നിരുന്നു.

MA Kairali (Panampad Kunjimuhammed Master) passed away
കുഞ്ഞിമുഹമ്മദ് മാസ്‌റ്ററും ഭാര്യയും മകൻ ജമാൽ പനമ്പാടിനും മരുമകൾക്കുമൊപ്പം

ഇന്നത്തെ അസ്ഹർ പള്ളിക്ക് സമീപം മംമ്പഉല്‍ ഉലൂം മദ്രസയായിരുന്ന ഈ പാഠശാലയുടെ കേന്ദ്രം. ഇവിടെ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ പ്രദേശത്തെ നിരവധി പേർ പിന്നീട് ജോലിയിൽ പ്രവേശിക്കുകയും ചെയ്‌തിരുന്നു. മുസ്‌ലിം പെൺകുട്ടികളെ വീടിന് വെളിയിലേക്ക് അയക്കാതിരുന്ന കാലത്ത് ഇത്തരത്തിൽ ഒരു സ്‌ഥാപനം നടത്തി അവിടെ നിന്ന് പെൺകുട്ടികളെ പരീക്ഷ എഴുതിപ്പിച്ച് ജോലിക്കയപ്പിക്കുക എന്നത് വിപ്ളവകരമായ പ്രവർത്തിയായിരുന്നു. അക്കാലത്താണ് എംഎ കുഞ്ഞിമുഹമ്മദ് എന്നപേര് കുഞ്ഞ് മുഹമ്മദ് മൗലവി എന്നാകുന്നത്.

കേരളം ഔപചാരിക വിദ്യഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ഗ്രാമീണ മേഖലകളിൽ വിദ്യഭ്യാസ വ്യാപന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച 1965മുതൽ കേരളത്തിന്റെ പ്രമുഖ വിദ്യഭ്യാസ പരിഷ്‌കർത്താവ് പിഎൻ പണിക്കരോടൊപ്പം യുഎൻഡിപി പദ്ധതിയുടെ ഭാഗമായി മലബാർ മേഖലയിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് വിദ്യഭ്യാസ വ്യാപന പരിപാടികൾക്ക് നേതൃത്വം നൽകി.

1968ൽ ചാവക്കാട് തിരുവത്ര സ്‌കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതത്തിന് തുടക്കംകുറിച്ച എംഎകെ 1971ൽ പൊന്നാനി ബിഇഎം യൂപിസ്‌കൂളിൽ സ്‌ഥിരനിയമനം നേടി. ഇക്കാലത്ത് പൊന്നാനി താലൂക്കിലേയും ജില്ലയിലേയും കലാമേളകൾ, കായികമേളകൾ, ശാസ്‌ത്രമേളകൾ തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളുടെ മികച്ച സംഘാടകനെന്നുള്ള ഖ്യാതിയും നേടി.

MA Kairali (Panampad Kunjimuhammed Master) passed away
കുഞ്ഞിമുഹമ്മദ് മാസ്‌റ്ററുടെ അവസാന നാളുകളിൽ നിന്നുള്ള ചിത്രം

1980 മുതൽ 1990വരെ ജില്ലാ സ്‌കൗട് മാസ്‌റ്ററായും ട്രൈനേഴ്‌സ്‌ ട്രെയിനിയായും മുഖ്യ റിസോഴ്‌സ്‌ പേഴ്‌സണായും പ്രവർത്തിച്ചു. ഈ കാലയളവിൽ വിവിധ പ്രസ്‌ഥാനങ്ങളുടെ ജില്ലാ-സംസ്‌ഥാന നേതൃപദവികൾ വഹിച്ചു. സംഘാടക രംഗത്തെ മികവും യുഎൻഡിപി പദ്ധതിയിലെ പ്രവർത്തന രീതിയും കണക്കിലെടുത്ത് 1990 സർക്കാർ സാക്ഷതാമിഷൻ കോർഡിനേറ്ററായി നിയമിതനായി. സംസ്‌ഥാനവും മലപ്പുറം ജില്ലയും സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിന് സംഭാവനകൾ നൽകാനും മാഷിന് കഴിഞ്ഞു.

ഇന്നത്തെ കുടുംബശ്രീയുടെ ആദിമരൂപമായ അയൽകൂട്ടം പ്രസ്‌ഥാനത്തിന്റെയും സിബിഎൻപിയുടേയും കോഡിനേറ്ററായും പ്രവർത്തിച്ചു. 1999ൽ സർവീസിൽ നിന്ന് റിട്ടയർ ചെയ്‌തെങ്കിലും തന്റെ വിവിധ കർമ മണ്ഡലങ്ങളിൽ ഇദ്ദേഹം സജീവമായിരുന്നു.

സ്വന്തമായൊരു അച്ചടിശാല തുറക്കുകയും അവിടെ നിന്നും മുസ്‌ലിം സമുദായത്തിലെ ജീർണതകളെയും വിദ്യഭ്യാസ വിരക്‌തിയേയും തുറന്ന് കാണിച്ചുകൊണ്ട് സലഫി ടൈംസ് എന്നപേരിൽ ഒരു മാസിക പുറത്തിറക്കുകയും ചെയ്‌തിരുന്നു ഇദ്ദേഹം. കാഞ്ഞിരമുക്കിൽ മൗനത്തുൽ ഇസ്‌ലാംസഭ എംഐ ഇംഗ്ളീഷ് മീഡിയം സ്‌കൂളിന് തുടക്കം കുറിച്ചപ്പോൾ അതിന്റെ സ്‌ഥാപകരിൽ ഒരാളായും സ്‌ഥാപക പ്രിൻസിപ്പലായും പ്രവർത്തിച്ചു. പരിസരത്തെ, പുറങ്ങ് ഹിലാൽ പബ്ളിക് സ്‌കൂളിന് തുടക്കമായപ്പോൾ അതിന്റേയും സ്‌ഥാപക പ്രിൻസിപ്പാളായി പ്രവർത്തിച്ചതും കുഞ്ഞിമുഹമ്മദ് മാഷ് തന്നെയായിരുന്നു.

MA Kairali (Panampad Kunjimuhammed Master) passed away

മാറഞ്ചേരിയുടെയും സമീപ പ്രദേശങ്ങളിലേയും ജനകീയ ആരോഗ്യ പുനരധിവാസ സാന്ത്വന രംഗത്തെ പകരം വെക്കാനില്ലാത്ത നാമമായ ‘കാരുണ്യ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്ററിന്’ തുടക്കം കുറിച്ചവരിൽ ഒരാളുകൂടിയായ ഇദ്ദേഹം നിരവധി കൃതികളുടേയും പുസ്‌തകങ്ങളുടെയും രചയിതാവും വിവരാവകാശ പ്രവർത്തകനും കൂടിയാണ്. വിവരാവകാശ നിയമത്തിന്റെ സാധ്യതകളും ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയും പൊതുജനങ്ങളിൽ നിയമ സാക്ഷരത വളർത്തുകയും ചെയ്യുന്നതിന് വേണ്ടി ഇദ്ദേഹം തുടങ്ങിവെച്ച പ്രസ്‌ഥാനമാണ് ‘ജനകീയ കർമവേദി’.

ഭാര്യ കുരിക്കൾപറമ്പിൽ മണലിൽ റുഖിയ. പ്രമുഖ ഡോക്യുമെന്റേഷൻ ഫോട്ടോ ജേണലിസ്‌റ്റ് ജമാൽ പനമ്പാട് ഏകമകനാണ്. പെൺമക്കൾ: ജസീന (അധ്യാപിക ബിഇഎം യുപി പൊന്നാനി), ജംഷിദ (അധ്യാപിക ദുബൈ), മരുമക്കൾ: സിപി ഹമീദ് മാസ്‌റ്റർ (പൊന്നാനി ഗേൾസ് ഹൈസ്‌കൂൾ), പിവി ഷാക്കിർ (ദഅ് വാ, ദുബായ്) ഉമ്മുകുൽസു (റിസർച്ച് കോർഡിനേറ്റർ കെകെആർആർസി).

Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE