കണ്ണൂർ: സ്വയ രക്ഷക്കായ്‌ക്കായി നമ്മൾ പ്രതീക്ഷിക്കാത്ത വസ്‌തുക്കളാണ് നമുക്ക് താങ്ങാവുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ ഇരിട്ടിയിൽ കിണറ്റിൽ വീണ മുഹമ്മദിനെ ഒരു രാത്രി മുഴുവൻ താങ്ങിനിർത്തിയത് ഏത് നിമിഷവും പൊട്ടിപ്പോകാവുന്ന ഒരു കയർ മാത്രമാണ്. മരണക്കയത്തിൽ നിന്നും ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് വേലായുധനെ കൊണ്ടുനിർത്തിയതും ഈ പ്‌ളാസ്‌റ്റിക് കയറാണ്.
രണ്ടാൾപ്പൊക്കത്തിൽ വെള്ളമുള്ള, 20 കോൽ താഴ്‌ചയുള്ള കിണറ്റിലാണ് വേലിക്കൊത്ത് മുഹമ്മദ് (60) വീണത്. കണ്ണൂർ ചാക്കാട്ടെ ആൾപ്പാർപ്പില്ലാത്ത 25 ഏക്കർ വരുന്ന റബർ തോട്ടത്തിൽ ആടുകളെ മേയ്‌ക്കാനെത്തിയതായിരുന്നു മുഹമ്മദ്. 5 ആടുകളിൽ ഒന്ന് കിണറിന്റെ അധികം പൊക്കമില്ലാത്ത ആൾമറയിൽ കയറി. അത് വീണാലോ എന്ന് കരുതി രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആടും മുഹമ്മദും കിണറ്റിൽ വീണു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചവിട്ടി നിൽക്കാൻ പടവുകൾ പോലുമില്ലാത്ത കിണറ്റിൽ മോട്ടർ കെട്ടിയിട്ട ചെറു പ്‌ളാസ്‌റ്റിക് കയറിൽ പിടിത്തം കിട്ടിയതാണ് മുഹമ്മദിന് രക്ഷയായത്. ചവിട്ടിനിൽക്കാൻ ഭിത്തിയിലെ ഒരു ചെറിയ കല്ലും കിട്ടി. പിടിച്ചു കയറാൻ ശ്രമിച്ചാൽ കയർ പൊട്ടിവീഴുമെന്ന് ഉറപ്പായതോടെ ആ സാഹസം വേണ്ടെന്ന് വെച്ചു. കഴുത്തിനൊപ്പം വെള്ളത്തിൽ തണിപ്പിനോടും ഇരുട്ടിനോടും ഉറക്കത്തോടും പൊരുതി മുഹമ്മദ് പുലർച്ചെ വരെ ഒരേ നിൽപ്പ്.
പുലർച്ചെ നാലോടെ റബ്ബർ വെട്ടാനെത്തിയവരുടെ കൈയ്യിലെ ടോർച്ചിന്റെ പ്രകാശം കണ്ടതോടെയാണ് പ്രതീക്ഷയായത്. അലറി വിളിച്ച് സഹായം അഭ്യർഥിച്ചു. ടാപ്പിങ്ങിനെത്തിയ ഷാജുവും മുജീബും അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇരിട്ടിയിൽ നിന്നെത്തിയ അഗ്‌നിരക്ഷാ സേന നാലരയോടെ മുഹമ്മദിനെ കരയ്‌ക്ക് കയറ്റി. മുഹമ്മദിനൊപ്പം കിണറ്റിൽ വീണ ആട് ചത്തെങ്കിലും മറ്റുള്ള ആടുകൾ കിണറിന് ചുറ്റും നിൽപ്പുണ്ടായിരുന്നു.
ഒരു രാത്രി മുഴുവൻ മരണത്തോട് പടവെട്ടി തിരികെ എത്തിയ മുഹമ്മദിന് പക്ഷെ വിശ്രമിക്കാൻ സമയമില്ല. പശുവിനെ വാങ്ങാൻ ഒപ്പം പോകാമെന്ന് സുഹൃത്തിനോട് നേരത്തെ പറഞ്ഞതാണ്. വീട്ടിലെത്തി വസ്‌ത്രം മാറി നേരെ പോയി മാലൂരിലേക്ക്. മുഹമ്മദ് ഒരു അൽഭുതമാണെന്നാണ് നാട്ടുകാർ പറയുന്നത്. മുൻപും ഇതുപോലെ അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട അനുഭവം മുഹമ്മദിനുണ്ട്.
Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്