കൊച്ചി: അനാഥ മൃതദേഹങ്ങള്‍ മറവ് ചെയ്‌ത് ശ്രദ്ധേയനായ ആലുവ സ്വദേശി വിനു പിയുടെ ജീവിതം സിനിമയാകുന്നു. പ്രാരംഭ നടപടികള്‍ കൊച്ചിയില്‍ ആരംഭിച്ച ചിത്രത്തിൽ മണികൺഠൻ ആചാരിയാണ് തിരശീലയിൽ വിനുവിന് ജീവൻ പകരുന്നത്.
തണ്ടര്‍ ബോള്‍ട്ട് കമാന്റോയും സംവിധായകന്‍ ബേസില്‍ ജോസഫിന്റെ സഹ സംവിധായകനുമായ സജിത്ത് വി സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ചിത്രത്തിന് പുതുമുഖ തിരക്കഥാകൃത്ത് ജോയ്‌സൺ ജോർജാണ് തിരക്കഥ ഒരുക്കുന്നത്.
അത്യപൂർവമായ മനുഷ്യാനുഭവങ്ങളുടെ സഹയാത്രികനായ വിനുവിന്റെ ജീവിതം ഏറെ സംഭവ ബഹുലമാണ്. പുതുമയും സങ്കീർണതയും നിറഞ്ഞ ഈ ജീവിതമാണ് സിനിമയാക്കുന്നതെന്നും എന്നാൽ, ഒരു വാണിജ്യ സിനിമയുടെ എല്ലാ ചേരുവകളും ഒരുക്കിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതെന്നും സംവിധായകന്‍ സജിത്ത് വി സത്യന്‍ പറഞ്ഞു.
ഒരു മനുഷ്യന്റെ ജീവിതത്തിലൂടെ അനേകം മനുഷ്യരുടെ ജീവിതമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേർത്തു. ജീവിതം കൊണ്ട് നമ്മളെ അൽഭുതപ്പെടുത്തുന്ന വിനുവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് മണികൺഠൻ ആചാരിയും പറഞ്ഞു.

പിആർ സുമേരൻ വാർത്താ പ്രചാരണം നിർവഹിക്കുന്ന സിനിമയിൽ മലയാളത്തിൽ നിന്നുള്ള മറ്റു അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും അണിനിരക്കുന്നുണ്ട്. ചിത്രം ഉടന്‍ കൊച്ചിയില്‍ ആരംഭിക്കും.
Most Read: വർഗീയതക്ക് എതിരെ ശക്‌തമായ നടപടി; പിസി ജോർജിന്റെ അറസ്‌റ്റ് ഫസ്‌റ്റ് ഡോസെന്ന് മുഖ്യമന്ത്രി