കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്ന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകും. അഡ്വ ഫിലിപ് ടി വർഗീസ്, അഡ്വ സുജേഷ് മേനോൻ എന്നിവർക്കാണ് നോട്ടീസ് നൽകുക.
ദിലീപിന്റെ ഫോണിലെ സുപ്രധാന തെളിവ് രേഖകൾ നശിപ്പിക്കാൻ കൂട്ടുനിന്നെന്നാണ് ആരോപണം. ഇവർ പറഞ്ഞിട്ടാണ് ദിലീപിന്റെ ഫോണിലെ ചിത്രങ്ങളും രേഖകളും നശിപ്പിച്ചത് എന്നാണ് അറസ്‌റ്റിലായ സൈബർ ഹാക്കർ സായ് ശങ്കർ മൊഴി നൽകിയിരിക്കുന്നത്.
അതേസമയം, കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്റെ മൂന്ന് അഭിഭാഷകർക്ക് കേരള ബാർ കൗസിൽ നോട്ടീസ് നൽകി. അതിജീവിത നൽകിയ പരാതിയിലാണ് നടപടി. സീനിയർ അഭിഭാഷകനായ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.
നടിയുടെ ആരോപണത്തിൽ രണ്ടാഴ്‌ചക്കകം മറുപടി നൽകണമെന്ന് നോട്ടീസിൽ വ്യക്‌തമാക്കുന്നു. വിചാരണ നടക്കുന്ന കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കേണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണ് ഉണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.
Most Read: അന്തിചർച്ചക്കാരും പത്രക്കാരും വളഞ്ഞിട്ട് ആക്രമിച്ചിട്ടും എൽഡിഎഫ് അധികാരത്തിലെത്തി; മുഖ്യമന്ത്രി