അന്തിചർച്ചക്കാരും പത്രക്കാരും വളഞ്ഞിട്ട്‌ ആക്രമിച്ചിട്ടും എൽഡിഎഫ്‌ അധികാരത്തിലെത്തി; മുഖ്യമന്ത്രി

By Central Desk, Malabar News
Pinarayi vijayan
Ajwa Travels

കണ്ണൂർ: പ്രകടനപത്രികയിൽ 2016ൽ പറഞ്ഞത് 600 കാര്യങ്ങളായിരുന്നു. ഇതിൽ 580ഉം നടപ്പാക്കിയ സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്. എന്നിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഒരുഭാഗത്ത്‌ കേന്ദ്ര ഏജൻസികളും മറുഭാഗത്ത്‌ എല്ലാം തങ്ങളുടെ കൈയിലാണെന്ന്‌ അഹങ്കരിക്കുന്ന അന്തിചർച്ചക്കാരും പത്രക്കാരും വളഞ്ഞിട്ട്‌ ആക്രമിച്ചു. പക്ഷെ, നാടിന്റെ വികസനത്തിന്‌ ജനങ്ങൾ നൽകിയ പിന്തുണകാരണം വീണ്ടും എൽഡിഎഫ്‌ അധികാരത്തിലെത്തി.

ജനങ്ങളുടെ ആഗ്രഹപ്രകാരം പ്രവർത്തിക്കാൻ ഈ സർക്കാർ ബാധ്യസ്‌ഥരാണ്‌. ജനോപകാരപ്രദമായ പ്രവർത്തനങ്ങളെ ഏതെങ്കിലും തരത്തിലുള്ള പിപ്പിടി കാട്ടി തടയാൻ നോക്കിയാൽ ഭയക്കുന്നവരല്ല ഞങ്ങൾ –23ആം പാർട്ടി കോൺഗ്രസിന്റെ സമാപനറാലിയിലെ അധ്യക്ഷപ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നാടിന്റെ നല്ല നാളേക്കായി വികസന–ക്ഷേമ പ്രവർത്തനങ്ങളുമായി ഒന്നിച്ചുമുന്നേറാമെന്നും അതിനുള്ള പൂർണപിന്തുണയാണ്‌ പാർട്ടി കോൺഗ്രസ്‌ നൽകിയതെന്നും പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പാക്കാനുള്ളതാണ്‌, അത് ജനങ്ങളെ പറ്റിക്കാനുള്ളതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി.

യുഡിഎഫിന് അതിവേഗ റെയില്‍പാതയാകാം, എല്‍ഡിഎഫിന് പാടില്ലെന്നതാണ് രീതി. ഒരു പദ്ധതി വരുമ്പോൾ അത് നാടിനു വേണ്ടിയുള്ളതാണെന്ന് ഓർക്കണം. അല്ലാതെ അതിനെ തടയാൻ ശ്രമിക്കുകയല്ല വേണ്ടത് – പിണറായി ചൂണ്ടിക്കാട്ടി.

Kodiyeri Balakrishnan in 23rd CPM Party congress

കെ റെയിൽ പദ്ധതി പ്രശ്‌നമുണ്ടാക്കുമെന്നാണ്‌ പരാതി. എന്നാൽ, ഈ പദ്ധതി പരിസ്‌ഥിതിക്കുണ്ടാക്കുന്ന ഗുണം കാർബൺ ബഹിർഗമനം കുറയ്‌ക്കുമെന്നതാണ്‌. വിശദ പരിസ്‌ഥിതി പഠനം നടക്കുന്നുമുണ്ട്‌. പരിസ്‌ഥിതി എന്തോ ആയിക്കോട്ടെ വികസനം മതിയെന്ന്‌ ചിന്തിക്കുന്നവരല്ല ഞങ്ങൾ. ദേശീയപാത വികസനം, ഗ്യാസ്‌ പൈപ്പുലൈൻ എന്നിവ പൂർത്തിയാകുന്നു. കൂടംകുളത്തുനിന്ന്‌ വൈദ്യുതി എറണാകുളത്തെത്തുന്നു. റോഡുകൾ, പാലങ്ങൾ, പശ്‌ചാത്തല സൗകര്യവികസനം എന്നിവയിൽ കേരളം വൻ മുന്നേറ്റമുണ്ടാക്കുന്നുണ്ട് -പിണറായി പറഞ്ഞു.

നേരത്തെ പാർട്ടി കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ സംസാരിച്ച സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ‘പിണറായി സര്‍ക്കാര്‍ പറഞ്ഞത് ചെയ്യുമെന്ന്’ വ്യക്‌തമാക്കിയിരുന്നു. സംസ്‌ഥാനത്ത്‌ ഗതാഗത സൗകര്യം വര്‍ധിപ്പിക്കണം. സില്‍വര്‍ ലൈന്‍ പദ്ധതിക്കു ഭൂമി നല്‍കുന്നവര്‍ക്കൊപ്പം സര്‍ക്കാരും പാര്‍ട്ടിയുമുണ്ടാകുമെന്നും പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിനൊപ്പം ജനങ്ങള്‍ ഉണ്ടാവുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

സില്‍വര്‍ ലൈനിനെ തകര്‍ക്കാന്‍ കോലിബീ സഖ്യം ശ്രമിക്കുന്നു. സില്‍വര്‍ ലൈന്‍ സ്വകാര്യ മേഖലയിലായിരുന്നെങ്കില്‍ വിമര്‍ശകരെല്ലാം അനുകൂലിക്കുമായിരുന്നു. പദ്ധതിക്ക് കോണ്‍ഗ്രസില്‍ നിന്നുള്ള പിന്തുണയ്‌ക്ക് തെളിവാണ് കെവി തോമസിന്റെ വാക്കുകളെന്നും കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു.

Most Read: കോവിഡ് രൂക്ഷം; ചൈനയിൽ നിരവധി ആളുകൾ വീടുകളിൽ കുടുങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE