കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം നിഷേധിച്ച് ബിജെപി. യാഥാർഥ്യം മനസിലാക്കാതെയാണ് സിപിഎം പ്രതികരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് പറഞ്ഞു.
ബിജെപിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് എൻ ഹരിദാസ് പറഞ്ഞു. പ്രതികളെ സംരക്ഷിക്കരുത് എന്നാണ് ബിജെപിക്ക് പറയാനുള്ളത്. കൊലപാതകത്തിന് പിന്നിലെ വസ്‌തുത പോലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. പ്രതിഷേധ യോഗങ്ങളിൽ സംസാരിക്കുന്നത് മുഴുവൻ യാഥാർഥ്യങ്ങളാണോ എന്നും എൻ ഹരിദാസ് ചോദിച്ചു.
പുലർച്ചെ രണ്ടുമണിയോടെ ആണ് സിപിഎം പ്രവർത്തകനും മൽസ്യ തൊഴിലാളിയുമായ പുന്നോൽ സ്വദേശി ഹരിദാസനെ വെട്ടിക്കൊന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് ഹരിദാസനെ ആക്രമിച്ചത്. അതിക്രൂരമായ രീതിയിലാണ് കൊലപാതകം നടത്തിയത്. ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. ബഹളം കേട്ട് ഹരിദാസന്റെ ബന്ധുക്കളും സ്‌ഥലത്തെത്തിയിരുന്നു. ഇവരുടെ മുന്നിൽ വെച്ചായിരുന്നു അരുംകൊല.
തടയാൻ ശ്രമിക്കുന്നതിനിടെ ഹരിദാസന്റെ സഹോദരൻ സൂരജിനും വെട്ടേറ്റു. ഹരിദാസനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിൽ ആർഎസ്‌എസ് ആണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം.
ഒരാഴ്‌ച മുൻപ് ഉൽസവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സിപിഎം- ബിജെപി സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്. തലശ്ശേരി കൊമ്മൽ വാർഡ് കൗൺസിലറുടെ പ്രസംഗത്തിന് ശേഷമായിരുന്നു കൊലപാതകം. ഉൽസവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിൽ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആരോപിച്ചു.
അക്രമം നടന്ന സ്‌ഥലത്തും പ്രദേശത്തും കൂടുതൽ പോലീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. അതേസമയം, ഹരിദാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ.
Most Read: റഷ്യ ഏത് നിമിഷവും ആക്രമിച്ചേക്കാം; ആശങ്കയിൽ യുക്രെയ്‌ൻ