വാഷിങ്ടണ്‍: അമേരിക്കന്‍ സൈനിക ബഹുമതിയായ ലീജിയണ്‍ ഓഫ് മെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെട്ടുവെന്നും ഇന്ത്യ ആഗോള ശക്‌തിയായി മാറിയെന്നും പറഞ്ഞാണ് ട്രംപ് പുരസ്‌കാരം മോദിക്ക് നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ഇന്ത്യയുടെ അമേരിക്കന്‍ അംബാസിഡര്‍ തരണ്‍ജിത്ത് സന്ധുവാണ് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് റോബര്‍ട്ട് ഒ ബ്രയനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. വൈറ്റ് ഹൗസില്‍ വെച്ചായിരുന്നു പുരസ്‌കാരം സമര്‍പ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ഇന്ത്യയുടെയും അമേരിക്കയുടെയും ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ചു. ജനാധിപത്യമൂല്യങ്ങളും, എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിച്ചുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ഇരുരാഷ്‌ട്രങ്ങള്‍ക്കും കഴിഞ്ഞതെന്നും അവാര്‍ഡിനൊപ്പം നല്‍കിയ പ്രശസ്‌തി പത്രത്തില്‍ പറയുന്നു.
വളരെ അപൂര്‍വ്വമായി മാത്രം നല്‍കപ്പെടുന്ന പുരസ്‌കാരമാണ് ലീജിയന്‍ ഓഫ് മെറിറ്റ്. ആര്‍ക്ക് നല്‍കണം എന്ന് തീരുമാനിക്കാന്‍ ഉള്ള അധികാരം അമേരിക്കന്‍ സര്‍ക്കാരിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ക്കാണ്. 2020 സെപ്‌റ്റംബറില്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് സാബാ അല്‍-അഹമ്മദ്-അല്‍ ജാബര്‍ അല്‍-സാബക്കും ലീജിയന്‍ ഓഫ് മെറിറ്റ് പുരസ്‌കാരം ട്രംപ് നല്‍കിയിരുന്നു.
Read also: ലൈവായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ജോ ബൈഡന്‍