ന്യൂഡെൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്‌തു. മികച്ച നടനുള്ള പുരസ്‌കാരം ധനുഷും മനോജ് വാജ്‌പേയും നടിക്കുള്ള പുരസ്‌കാരം കങ്കണ റണൗട്ടും ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതി സ്വീകരിച്ചു. ഡെൽഹിയിലെ വിജ്‌ഞാൻ ഭവാനിലാണ് ചടങ്ങുകൾ നടന്നത്.
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ സംവിധായകൻ പ്രിയദർശനും നിർമാതാവ് ആന്റണി പെരുമ്പാവൂരും സ്വീകരിച്ചു. 51ആമത് ദാദാസാഹേബ് ഫാൽക്കെ അവാർഡ് രജനീകാന്തിന് നൽകി ആദരിച്ചു. രജനിയുടെ ഭാര്യ ലത രജനീകാന്ത്, മകൾ ഐശ്വര്യ തുടങ്ങിയവരും ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു. രജനികാന്തും മരുമകൻ ധനുഷും ഒരേ വേദിയിൽ പുരസ്‌കാരം ഏറ്റുവാങ്ങിയത് കൗതുകകരമായ കാഴ്‌ചയായിരുന്നു.
മികച്ച ഗാനരചിയിതാവ് പ്രഭാ വർമ്മ, മികച്ച പുതുമുഖ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ (ഹെലൻ), മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുൽ റിജി എന്നിവരും ഏറ്റുവാങ്ങി. രഞ്‌ജിത് അമ്പാടി മികച്ച മേക്കപ് ആർട്ടിസ്‌റ്റിനുള്ള പുരസ്‌കാരവും സുജിത് സുധാകരൻ സായി എന്നിവർ ചമയത്തിനുള്ള പുരസ്‌കാരവും സ്വീകരിച്ചു. ജെല്ലിക്കെട്ടിന്റെ ദൃശ്യവിസ്‌മയങ്ങൾ പകർത്തിയതിന് ഗിരീഷ് ഗംഗാധരൻ മികച്ച ഛായാഗ്രഹനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.
റസൂൽ പൂക്കുട്ടി, ബിബിൻ ദേവ് എന്നിവർക്കാണ് ശബ്‌ദമിശ്രണത്തിനുള്ള പുരസ്‌കാരം. ജിൻ ബാബുവിന്റെ ‘ബിരിയാണി’ സിനിമയ്‌ക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു.
Also Read: പാകിസ്‌ഥാനെതിരായ തോൽവി; കശ്‌മീരി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം