കാസർഗോഡ്: ജില്ലയിലെ നീലേശ്വരം-കാഞ്ഞങ്ങാട് മുസിപ്പാലിറ്റികൾ ലയിപ്പിച്ചു ഹൊസ്‌ദുർഗ്‍ കോപ്പറേഷൻ രൂപീകരിക്കാൻ അണിയറ നീക്കം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മൂന്ന് വർഷം അവശേഷിക്കെയാണ് ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നത്.
ഇത്തരത്തിലുള്ള സാധ്യതാ ചർച്ചകൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും നടന്നിരുന്നു. എന്നാലിപ്പോൾ നടക്കുന്ന ചർച്ചകൾക്ക് വേഗതയും കാര്യഗൗരവവും കൂടിയിട്ടുണ്ട്. കാസർഗോഡ് ജില്ലയുടെ വികസനത്തിന് വേഗത കൂട്ടാൻ ജില്ലയിൽ പുതിയ കോപ്പറേഷൻ അത്യാവശ്യമാണെന്ന ചിന്ത എല്ലാഭാഗത്ത് നിന്നും ഉയർന്നു വന്നിട്ടുണ്ട്. അജാനൂർ പഞ്ചായത്തിനെ മുൻസിപ്പാലിറ്റിയായി ഉയർത്താനുള്ള നീക്കവും സജീവമാണ്.
കാഞ്ഞങ്ങാട് – നീലേശ്വരം നഗരങ്ങളിൽ നടന്ന കഴിഞ്ഞ സ്‌കൂൾ കലോൽസവ സമയത്താണ് പുതിയ കോപ്പറേഷൻ എന്ന ആശയം ഉയർന്നു വന്നത്. പുതിയ ഹൊസ്‌ദുർഗ്‍ കോപ്പറേഷന്റെ ആസ്‌ഥാനം നീലേശ്വരമായിരിക്കും. നീലേശ്വരം നഗരസഭക്ക് വേണ്ടി കച്ചേരിക്കടവിൽ നിർമാണം പൂർത്തിയാകുന്ന പുതിയ കാര്യാലയമായിരിക്കും പുതിയ കോപ്പറേഷന്റെ ആസ്‌ഥാനം. നീലേശ്വരം നഗരസഭക്ക് വേണ്ടി നിർമിക്കുന്ന പുതിയ ആസ്‌ഥാന മന്ദിരം കേരളത്തിലെ ഏറ്റവും വലിയ നഗരസഭ ആസ്‌ഥാനമാണ്.
നിലവിൽ കാഞ്ഞങ്ങാട് നഗരസഭയുടെ സിംഹ ഭാഗവും നീലേശ്വരത്തും പരിസരത്തുമാണ് സ്‌ഥിതി ചെയ്യുന്നത്. കാഞ്ഞങ്ങാട് നഗരസഭയിലെ 26 മുതൽ 32 വരെ വാർഡുകൾ നീലേശ്വരത്തിന്റെ തീരദേശങ്ങളിൽ സ്‌ഥിതി ചെയ്യുമ്പോൾ നഗരത്തോട് തൊട്ട് നിൽക്കുന്ന പുതുക്കൈ വില്ലേജ് പൂർണമായും കാഞ്ഞങ്ങാട് നഗരസഭയിലാണ്. അതുകൊണ്ടും അനുയോജ്യമായ കെട്ടിട സൗകര്യമുള്ളത് കൊണ്ടുമാണ് നീലേശ്വരത്തെ കോപ്പറേഷൻ ആസ്‌ഥാനമായി കണ്ടെത്തിയത്.
കോപ്പറേഷൻ ആസ്‌ഥാനം കച്ചേരികടവിലായത് കൊണ്ട് കാഞ്ഞങ്ങാട് നഗരസഭയിലെ പുത്തുകൈ, കാഞ്ഞങ്ങാട് സൗത്ത് വില്ലേജിലുള്ളവർക്ക് എളുപ്പത്തിൽ കോർപറേഷൻ ആസ്‌ഥാനത്തേക്ക് എത്തുവാൻ കഴിയും. കാഞ്ഞങ്ങാട് – നീലേശ്വരം നഗരസഭകൾ തമ്മിൽ ലയിപ്പിച്ചാൽ ഹൊസ്‌ദുർഗ്‍ കോപ്പറേഷൻ എന്നാകും പേര്. എന്നാൽ കന്നട പദങ്ങളായ ഹൊസ (പുതിയത്) ദുർഗ (കോട്ട) എന്നിവ ചേർന്ന് ഹൊസ്‌ദുർഗ്‍ എന്ന് ആയത് കൊണ്ട് കോപ്പറേഷന്റെ പേര് നീലേശ്വരം – കാഞ്ഞങ്ങാട് കോപ്പറേഷൻ എന്നാക്കണമെന്ന് ഒരു വിഭാഗം ആവശ്യപെടുന്നു.
രണ്ട് നഗരസഭകളും നിലവിൽ സിപിഎംന്റെ നേതൃത്വത്തിലുള്ള മുന്നണിയാണ് ഭരിക്കുന്നത്. മുതിർന്ന സിപിഎം നേതാവും കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാനുമായ വിവി രമേശനാണ് കോപ്പറേഷൻ രൂപീകരണത്തിന് ചുക്കാൻ പിടിക്കുന്നത്. ഇടത് മുന്നണി കൺവീനർ ഇപി ജയരാജനുമായി വിവി രമേശന് അടുത്ത ബന്ധമുണ്ട്. ഈബന്ധം ഉപയോഗിച്ചാണ് നീക്കം സജീവമാക്കുന്നത്.

കോപ്പറേഷൻ ആസ്‌ഥാനം നീലേശ്വരമാണെങ്കിൽ പുതിയ ആവശ്യം അംഗീകരിക്കാമെന്ന് നീലേശ്വരത്തെ പാർട്ടി നേതൃത്വവും അറിയിച്ചു കഴിഞ്ഞു. നിലവിൽ കാഞ്ഞങ്ങാട് നഗരസഭ സിപിഎം ആണ് ഭരിക്കുന്നതെങ്കിലും ഏത് നിമിഷവും മാറിമറയാം. പുതിയ കോപ്പറേഷൻ രൂപീകരിച്ചു കഴിഞ്ഞാൽ സിപിഎംന്റെ ഉറച്ച കേന്ദ്രമാക്കും ഹൊസ്‌ദുർഗ്‍. സർക്കാർ കോപ്പറേഷൻ രൂപീകരിക്കാൻ ത്വത്വത്തിൽ തീരുമാനമെടുത്താൽ വാർഡ് വിഭജനവും മറ്റ് കാര്യങ്ങൾക്കും തുടക്കമാകും.
Most Read: ബഹുഭാര്യത്വവും തഹ്‌ലീല്‍ ആചാരവും ഭരണഘടനാ ബെഞ്ചില്‍; കേന്ദ്ര സർക്കാരിന് നോട്ടീസ്