ന്യൂഡെൽഹി: ഡെൽഹി മറ്റൊരു കർഷക മാർച്ചിന് വേദിയാകുന്നു. വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് ആരംഭിക്കും. പുതിയ കാർഷിക നിയമങ്ങൾ പ്രകാരം ന്യായമായ നഷ്‌ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് മാർച്ചെന്ന് ഭാരതീയ കിസാൻ പരിഷത്ത് നേതാവ് സുഖ്‌ബീർ ഖലീഫ അറിയിച്ചു.
”ഡെൽഹിയിലേക്കുള്ള മാർച്ചിന് ഞങ്ങൾ തയ്യാറാണ്. ഇന്ന് നോയിഡയിലെ മഹാമായ മേൽപ്പാലത്തിന് താഴെ നിന്ന് ഞങ്ങൾ മാർച്ച് ആരംഭിക്കും. ഉച്ചയോടെ ഡെൽഹിയിൽ എത്തുകയും പുതിയ നിയമങ്ങൾ അനുസരിച്ച് നഷ്‌ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെടുകയും ചെയ്യും”- സുഖ്‌ബീർ ഖലീഫ പറഞ്ഞു.
ശംഭു അതിർത്തിയിൽ (പഞ്ചാബ്-ഹരിയാന അതിർത്തി) പ്രതിഷേധിക്കുന്ന കർഷകർ ഈ മാസം ആറിന് മാർച്ചിനൊപ്പം ചേരുമെന്ന് കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവാൻ സിങ് പന്ദർ അറിയിച്ചു. ഫെബ്രുവരി 13 മുതൽ ഈ കർഷകർ ശംഭു, ഖനൗരി അതിർത്തി പോയിന്റുകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഡെൽഹിയിലേക്ക് മാർച്ച് ചെയ്യാനുള്ള ശ്രമം തടഞ്ഞതിനെ തുടർന്നാണ് ഇത്.
കർഷക നേതാക്കളായ സത്നാം സിങ് പന്നു, സുരീന്ദർ സിങ് ചൗട്ടാല, സുർജിത് സിങ് ഫുൽ, ബൽജീന്ദർ സിങ് എന്നിവരാണ് മാർച്ച് നയിക്കുന്നത്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’