ന്യൂഡെൽഹി: ആധാറിന് അപേക്ഷിക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങൾ കൂടുതൽ സുഗമമാക്കാൻ യുഐഡിഎഐ (യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) പുതിയ പദ്ധതിക്ക് രൂപം നൽകി. രാജ്യത്തെ 122 നഗരങ്ങളില്‍ 166 കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് യുഐഡിഎഐയുടെ തീരുമാനം.
ഇതിനായി മൂന്ന് തരത്തിലുള്ള കേന്ദ്രങ്ങൾ സ്‌ഥാപിക്കും. പ്രതിദിനം ആധാറിന് വേണ്ടിയുള്ള അപേക്ഷകളും പുതുക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകളും ആയിരം വീതം കൈകാര്യം ചെയ്യാൻ സാധിക്കുന്ന മോഡൽ ആധാർ സേവന കേന്ദ്രങ്ങളാണ് ആദ്യ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 500 അപേക്ഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന കേന്ദ്രങ്ങൾ രണ്ടാം വിഭാഗത്തിലും 250 അപേക്ഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന കേന്ദ്രങ്ങൾ മൂന്നാം വിഭാഗത്തിലും ഉൾപ്പെടുന്നു.
ഇവ എല്ലാ ദിവസവും പ്രവർത്തിക്കുന്നുണ്ട്. അതിനാൽ മേൽവിലാസം, മൊബൈൽ നമ്പർ എന്നിവ തിരുത്താനും ഉടനടി സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. പുതിയ 166 ആധാർ സേവന കേന്ദ്രങ്ങളിൽ 55 എണ്ണം പ്രവർത്തനം ആരംഭിച്ചതായി യുഐഡിഎഐ അറിയിച്ചു.
നിലവിൽ രാജ്യത്ത് 130 കോടി ആധാർ കാർഡുകൾ അനുവദിച്ചിട്ടുണ്ട്. ആധാര്‍ സേവാകേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ടോക്കണ്‍ നല്‍കിയാണ് അപേക്ഷയുടെ ഓരോ ഘട്ടവും പൂർത്തിയാകുന്നത്.
Also Read: ബിജെപി ഗാന്ധിജിയെ ഓര്‍ക്കുന്നത് രാഷ്‌ട്രീയ ലാഭത്തിന്; അശോക് ഗെഹ്‌ലോട്ട്