ന്യൂഡെൽഹി: ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിലും സ്‌ഥിരീകരിച്ച പുതിയ കോവിഡ് വകഭേദം ആശങ്ക ഉയർത്തുന്നു. പുതിയ വകഭേദത്തിന്റെ ജനിതക വ്യതിയാനം അസാധാരണമാംവിധം അധികമാണെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്. വിഷയം ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്‌ഥർ കഴിഞ്ഞ ദിവസം ചർച്ച ചെയ്‌തിരുന്നു. ഇന്ന് വീണ്ടും യോഗം ചേരും.
എച്ച്‌ഐവി പോലെയുള്ള രോഗബാധയാൽ വലയുന്ന ആളിൽ വൈറസ് ബാധിച്ചപ്പോഴായിരിക്കാം പുതിയ വകഭേദം രൂപംകൊണ്ടതെന്ന് യുസിഎൽ ജനറ്റിക്‌സ് ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഫ്രാൻകോയിസ് ബലോക്‌സ് പറയുന്നത്. രോഗവ്യാപനം എത്രത്തോളമുണ്ടാകുമെന്ന് ഈ ഘട്ടത്തിൽ പ്രവചിക്കാനാകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
ബി.1.1529 എന്ന വകഭേദത്തിന്റെ നൂറിലേറെ കേസുകളാണ് ദക്ഷിണാഫ്രിക്കയിൽ റിപ്പോർട് ചെയ്‌തത്. ആഫ്രിക്കയിൽ കണ്ടെത്തിയ വകഭേദത്തിന്റെ രണ്ടുകേസുകൾ ഹോങ്കോങ്ങിലും റിപ്പോർട് ചെയ്‌തിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഒരു യാത്രക്കാരനും ഇയാൾ താമസിച്ചിരുന്ന ഹോട്ടൽ മുറിക്ക് സമീപം താമസിച്ചിരുന്ന മറ്റൊരാൾക്കുമാണ് പുതിയ കോവിഡ് വകഭേദം സ്‌ഥിരീകരിച്ചതെന്ന് ഹോങ്കോങ് സർക്കാർ അറിയിച്ചു. ഇവർ തമ്മിൽ സമ്പർക്കം പുലർത്തിയിരുന്നില്ല. അതിനാൽ വായു വഴിയാകും രോഗം പകർന്നതെന്ന നിഗമനത്തിലാണ് അധികൃതർ.
അസാധാരണമാംവിധം വ്യതിയാനം സംഭവിച്ച വകഭേദമാണ് ഇതെന്നും സാഹചര്യം വളരെ വ്യത്യസ്‌തമാണെന്നും ദക്ഷിണാഫ്രിക്കൻ സർവകലാശാലകളിലെ ബയോ ഇൻഫർമാറ്റിക്‌സ് പ്രൊഫസർ ടൂലിയോ ഡെ ഒലിവേര വ്യക്‌തമാക്കി.
ദക്ഷിണാഫ്രിക്കയുടെ അയൽ രാജ്യമായ ബോട്സ്വാനയിൽ വാക്‌സിൻ സ്വീകരിച്ച ആളുകളിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്. നിലവിലെ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും അഞ്ച് അയൽ രാജ്യങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതായി യുകെ അറിയിച്ചു. ഹോങ്കോങ്ങിൽ കോവിഡ് ബാധിച്ചവരുടെ മുറികളിൽ താമസിച്ചവരെ 14 ദിവസത്തെ ക്വാറന്റെയ്‌നിൽ പാർപ്പിച്ച് നിരീക്ഷിച്ച് വരികയാണ് ഉദ്യോഗസ്‌ഥർ.
പുതിയ ജനിതക വ്യതിയാനങ്ങൾ വൈറസിനെ വാക്‌സിനെതിരെ കരുത്തരാക്കുമെന്നും വിദഗ്‌ധർ പറയുന്നു. ബി.1.1529 വൈറസിന് 50 ജനിതക വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം. ഇതിൽ മുപ്പതിലേറെ വ്യതിയാനങ്ങൾ സ്‌പൈക് പ്രോട്ടീനുകളിൽ മാത്രമാണ്. നിലവിലുള്ള ഭൂരിഭാഗം വാക്‌സിനുകളും ലക്ഷ്യമിടുന്നത് വൈറസിലെ സ്‌പൈക് പ്രോട്ടീനെയാണ്.
പുതിയ വകഭേദത്തിന്റെ ജനിതക വ്യതിയാനത്തെ കുറിച്ച് ആഴമേറിയ പഠനങ്ങൾ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പുതിയ വകഭേദത്തെ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും യോഗത്തിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും അധികൃതർ പറഞ്ഞു.
പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്‌ചാത്തലത്തിൽ രാജ്യാന്തര യാത്രക്കാർക്കുള്ള പരിശോധന ഇന്ത്യ ശക്‌തമാക്കി. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്സ്വാന എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കുള്ള പരിശോധന കർശനമാക്കാനാണ് കേന്ദ്രസർക്കാർ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയത്. കോവിഡ് പോസിറ്റീവ് ആകുന്ന യാത്രക്കാരുടെ സാമ്പിളുകൾ ഉടൻ തന്നെ ജീനോം സീക്വൻസിങ് ലാബുകളിലേക്ക് അയച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആവശ്യപ്പെട്ടു.
Also Read: ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് കറാച്ചിയിൽനിന്ന്; ഡെൽഹി പോലീസ്