ഡെൽഹി: ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് പാകിസ്‌ഥാനിലെ കറാച്ചിയിൽ നിന്നെന്ന് ഡെൽഹി പോലീസ്. ഭീഷണിക്ക് പിന്നിൽ കോളേജ് വിദ്യാർഥി ആണെന്നും പോലീസ് വ്യക്‌തമാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ഇമെയിൽ വഴിയാണ് രണ്ട് തവണ ഗൗതം ഗംഭീറിന് ഭീഷണി സന്ദേശം ലഭിച്ചത്. ഐഎസ്ഐഎസ് കശ്‌മീർ എന്ന മെയില്‍ ഐഡിയിൽ നിന്നുമാണ് ഗംഭീറിന് രണ്ടാം തവണയും ഭീഷണി സന്ദേശം ലഭിച്ചത്.
‘ഞങ്ങള്‍ നിങ്ങളെ കൊല്ലണമെന്ന ഉദ്ദേശത്തില്‍ തന്നെയാണ് ഉണ്ടായിരുന്നത്. പക്ഷേ ഇന്നലെ നിങ്ങള്‍ രക്ഷപ്പെട്ടു’, സന്ദേശത്തിൽ പറയുന്നു. നിങ്ങള്‍ കുടുംബത്തേയും ജീവിതത്തേയും ഇഷ്‌ടപ്പെടുന്നുവെങ്കില്‍ രാഷ്‌ട്രീയത്തില്‍ നിന്നും കശ്‌മീർ പ്രശ്‌നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക എന്നും സന്ദേശം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രണ്ടാമത് ലഭിച്ച ഭീഷണി സന്ദേശത്തോടൊപ്പം ഗംഭീറിന്റെ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങളും അടങ്ങിയിരുന്നു.
ബുധനാഴ്‌ച രാവിലെയാണ് ഗൗതം ഗംഭീര്‍ ഭീഷണി ലഭിച്ചതായി ഡെൽഹി പോലീസിനെ ആദ്യം അറിയിച്ചത്. ചൊവ്വാഴ്‌ച രാത്രി 9.30നായിരുന്നു ആദ്യത്തെ ഭീഷണി സന്ദേശം ലഭിച്ചത്. പരാതിയുടെ അടിസ്‌ഥാനത്തിൽ ഗംഭീറിന്റെ സുരക്ഷയും വർധിപ്പിച്ചിരുന്നു.
Most Read: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.65 അടിയായി ഉയർന്നു