ന്യൂഡെൽഹി: വധഭീഷണികളെ ഭയക്കുന്നില്ലെന്ന് മുൻ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീർ. കുറച്ച് നാളുകളായി തനിക്ക് ഐഎസ് കശ്‌മീരിൽ നിന്നും ലഭിക്കുന്ന വധഭീഷണികളെ ഭയക്കുന്നില്ലെന്നും സംഭവത്തിൽ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം നടത്തുകയാണെന്നും ഗൗതം ഗംഭീർ പ്രതികരിച്ചു.
“എനിക്ക് ഒരു തരത്തിലുമുള്ള ഭയവുമില്ല. വിഷയത്തിൽ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം നടത്തുകയാണ്. എന്നാൽ എന്റെ ജോലിയിൽ നിന്ന് പിൻതിരിയില്ല, ഇത്തരം പരിപാടികളിൽ ഇനിയും പങ്കാളിയാവും. ഇപ്പോൾ എന്റെ ശ്രദ്ധ ഈ പരിപാടിയുടെ വിജയമാണ്”- ഗൗതം ഗംഭീർ പറഞ്ഞു.
ഗൗതം ഗംഭീറിന് ആദ്യ വധഭീഷണി സന്ദേശം ലഭിച്ചത് പാകിസ്‌ഥാനിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടിൽ പോലീസ് സുരക്ഷ ശക്‌തിപ്പെടുത്തി. ഐഎസ്ഐഎസ് കശ്‌മീര്‍ എന്ന മെയില്‍ ഐഡിയിൽ നിന്നുമാണ് ഗംഭീറിന് രണ്ടാം തവണ ഭീഷണി സന്ദേശം ലഭിച്ചത്.
നിങ്ങള്‍ കുടുംബത്തേയും ജീവിതത്തേയും ഇഷ്‌ടപ്പെടുന്നുവെങ്കില്‍ രാഷ്‌ട്രീയത്തില്‍ നിന്നും കശ്‌മീര്‍ പ്രശ്‌നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക; സന്ദേശത്തിൽ പറയുന്നു. ഗൗതം ഗംഭീറിന്റെ ഡെൽഹിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവയാണ് രണ്ടാമത് ലഭിച്ച ഭീഷണി സന്ദേശം.
ഗംഭീറിന്റെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. എന്തുകൊണ്ടാണ് ഗംഭീറിന് ഭീഷണി സന്ദേശം അയച്ചതെന്ന് വ്യക്‌തമല്ല. 2018ലാണ് ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പിന്നീട് രാഷ്‌ട്രീയത്തില്‍ സജീവമായി. 2019ല്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.
Read also: സസ്‌പെന്‍ഷന്‍; പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടങ്ങി