പാലക്കാട്: പട്ടികജാതി കുടുംബങ്ങളെ സർക്കാരിന്റെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെന്ന് പരാതി. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് അംബേദ്‌കർ കോളനിയിലെ പട്ടിക വർഗ കുടുംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലൈഫ് പദ്ധതിയിൽ നിരവധി തവണ അപേക്ഷ നൽകിയിട്ടും പഞ്ചായത്ത് നടപടി എടുത്തില്ലെന്നാണ് കുടുംബങ്ങൾ ആരോപിക്കുന്നത്. രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സിപിഎം ഭരിക്കുന്ന മുതലമട പഞ്ചായത്ത് വീട് നൽകുന്നില്ലെന്നാണ് കോളനി വാസികൾ പറയുന്നത്.
ഇതിനെതിരെ പലതവണ കോളനി വാസികൾ പ്രതിഷേധിച്ചിരുന്നു. പല ഉദ്യോഗസ്‌ഥരുടെ അടുക്കൽ പരാതിയുമായി ചെന്നിരുന്നു. എന്നാൽ, അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് കോളനി വാസികളുടെ ആരോപണം. ഭവന പദ്ധതിയുടെ സാധ്യതാ പട്ടിക അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പന്ത്രണ്ടാം തീയതി മുതൽ മുതലമട പഞ്ചായത്തിന് മുന്നിൽ കുടിൽ കെട്ടി സമരം ചെയ്യാനാണ് കോളനി വാസികളുടെ തീരുമാനം.
നേരത്തേയും കോളനിയിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന്, കോളനിയിലുള്ള അമ്പതോളം കുടുംബങ്ങൾ പദ്ധതിയിൽ ഉൾപ്പെടാൻ അർഹരാണെന്ന് പഞ്ചായത്ത് സെക്രട്ടറി ജില്ലാ കളക്‌ടർക്ക് റിപ്പോർട് നൽകിയിരുന്നു. പിന്നീട്, തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. അതേസമയം, 2019 ലെ ലിസ്‌റ്റ് പ്രകാരമാണ് ഇപ്പോൾ വീട് അനുവദിക്കുന്നതെന്നും പുതിയ ലിസ്‌റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുമെന്നുമാണ് പഞ്ചായത്ത് പ്രസിഡണ്ട് നൽകുന്ന വിശദീകരണം.
Most Read: കോർപറേഷനിലെ നികുതി തട്ടിപ്പ്; നേമത്ത് മാത്രം 26 ലക്ഷത്തിലധികം രൂപയുടെ തിരിമറി