ഒമൈക്രോൺ വ്യാപനം അതിവേഗം; ഇന്ത്യയിൽ പ്രതിദിന രോഗികൾ 14 ലക്ഷം വരെ ഉയർന്നേക്കാം

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വളരെ വേഗത്തിൽ പടരുകയാണെന്നും യുകെയിലും ഫ്രാൻസിലുമുള്ള അണുബാധയുടെ വ്യാപനതോത് നോക്കുമ്പോൾ രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടേക്കാമെന്നും കേന്ദ്രസർക്കാരിന്റെ കോവിഡ് ടാസ്‌ക് ഫോഴ്‌സ്‌ മേധാവി മുന്നറിയിപ്പ് നൽകി.

നിലവിൽ 11 സംസ്‌ഥാനങ്ങളിലായി 101 ഒമൈക്രോൺ കേസുകളാണ് ഇന്ത്യയിൽ സ്‌ഥിരീകരിച്ചിട്ടുള്ളത്. ‘യുകെയിലെ വ്യാപനത്തിന്റെ തോത് അനുസരിച്ച് ഇന്ത്യയിൽ സമാനമായ വ്യാപനം ഉണ്ടാവുകയാണെങ്കിൽ നമ്മുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ പ്രതിദിനം 14 ലക്ഷം കേസുകൾ വരെ ഉണ്ടായേക്കാം. ഫ്രാൻസിൽ 65000 കേസുകളാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. ഈ തോത് വെച്ച് നോക്കുമ്പോൾ രാജ്യത്തെ ജനസംഖ്യ അടിസ്‌ഥാനമാക്കി പ്രതിദിനം 13 ലക്ഷം കേസുകൾ വരെ ഉണ്ടാകാം’; കോവിഡ് ടാസ്‌ക്‌ ഫോഴ്‌സ്‌ മേധാവി വികെ പോൾ പറഞ്ഞു.

യുകെയിൽ എക്കാലത്തെയും റെക്കോർഡ് കോവിഡ് കേസുകളാണ് നിലവിൽ പ്രതിദിനം റിപ്പോർട് ചെയ്‌തുകൊണ്ടിരിക്കുന്നത്. 88042 കേസുകളാണ് 24 മണിക്കൂറിനിടെ യുകെയിൽ റിപ്പോർട് ചെയ്‌തത്‌. ഇതിൽ 2.4 ശതമാനം ഒമൈക്രോൺ കേസുകളാണ്. 80 ശതമാനം ഭാഗിക പ്രതിരോധ കുത്തിവെപ്പുകൾ നടത്തിയിട്ടും യൂറോപ്പ് ഗുരുതരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഡെൽറ്റ തരംഗം അവിടെ ആഞ്ഞടിക്കുകയാണെന്നും ഡോ.പോൾ പറഞ്ഞു.

അനാവശ്യ യാത്രകൾ, തിരക്കുകൾ, പുതുവൽസര ആഘോഷങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ രീതിയിൽ കടന്നുപോവുകയാണെങ്കിൽ ഒമൈക്രോൺ ഡെൽറ്റയെ മറികടക്കുമെന്നാണ് വിദഗ്‌ദരുടെ മുന്നറിയിപ്പ്. ഡെൽറ്റ വ്യാപനം കുറവായിരുന്ന ദക്ഷിണാഫ്രിക്കയിൽ അതിനേക്കാൾ വേഗതയിലാണ് ഒമൈക്രോണിന്റെ വ്യാപനമുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്‌.

രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകളുള്ളത് മഹാരാഷ്‌ട്രയിലാണ്. 32 കേസുകളാണ് ഇവിടെ സ്‌ഥിരീകരിച്ചത്‌. കർണാടക, ഗുജറാത്ത്, ഡെൽഹി, കേരളം, തമിഴ്‌നാട്‌, പശ്‌ചിമബംഗാൾ, ആന്ധ്രാപ്രദേശ് തുടങ്ങിയ പല സംസ്‌ഥാനങ്ങളിലും ഒമൈക്രോൺ കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ മുംബൈയിൽ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ മൂന്ന് ഡോസ് വാക്‌സിൻ സ്വീകരിച്ചയാൾക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ന്യൂയോർക്കിൽ നിന്ന് വെള്ളിയാഴ്‌ച മുംബൈയിൽ എത്തിയ 29കാരനാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. അതേസമയം, ഇയാൾക്ക് രോഗലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇയാൾ മൂന്ന് ഡോസ് ഫൈസർ വാക്‌സിൻ സ്വീകരിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

Also Read: വിവാഹവാഗ്‌ദാനം നൽകി കോടികളുടെ തട്ടിപ്പ്; മലയാളി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE