കോഴിക്കോട് : ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും ഇന്നലെ ജില്ലയിൽ നിരത്തിലിറങ്ങിയത് 10 ശതമാനത്തിൽ താഴെ മാത്രം സ്വകാര്യ ബസുകൾ. യാത്രക്കാർ ഉണ്ടാകില്ലെന്ന നിഗമനത്തിലാണ് ബസുടമകൾ സർവീസുകൾ കുറച്ചത്. കൂടാതെ ഇന്നും നാളെയും സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല.
ഏകദേശം 50ഓളം ബസുകളാണ് ഇന്നലെ ജില്ലയിൽ സർവീസ് നടത്തിയത്. ഇവയിൽ യാത്രക്കാർ തീരെ കുറവായിരുന്നു എന്ന് ബസുടമകൾ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ഇന്നലെ നിരത്തുകളിൽ ഒറ്റയക്ക നമ്പർ ഉള്ള വാഹനങ്ങൾക്കാണ് സർവീസ് നടത്താൻ അനുമതി നൽകിയതെങ്കിലും ഇരട്ടയക്കമുള്ള വാഹനങ്ങളും സർവീസ് നടത്തി. വാഹനങ്ങൾ പൊതുവെ കുറവായിരുന്നതിനാൽ ഇവർക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ ബസുകളുടെ 10 ശതമാനം പോലും സർവീസ് നടത്താത്തതിനാൽ ആണ് ഇരട്ടയക്ക നമ്പർ ബസുകൾക്കെതിരെ നടപടി എടുക്കാത്തതെന്ന് അധികൃതർ വ്യക്‌തമാക്കി. കോവിഡിന് മുൻപ് 1,260 ബസുകൾ സർവീസ് നടത്തിയിരുന്ന ജില്ലയിൽ ഒന്നാം തരംഗത്തിന് ശേഷം സർവീസ് നടത്തിയത് 760 ബസുകൾ ആയിരുന്നു. എന്നാൽ രണ്ടാം തരംഗം വന്നതിന് ശേഷം ഇത് 460 ആയും കുറഞ്ഞു.
Read also : യെദിയൂരപ്പയെ മാറ്റേണ്ട സാഹചര്യമില്ല; ബിജെപി സംസ്‌ഥാന നേതൃത്വം